Uncategorized

ഫ്‌ളൈഓവറിൽ ‘നാടകീയ രക്ഷാപ്രവർത്തനം’; യുവാവിന് ജീവൻ തിരികെ നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കയ്യടി

ന്യൂഡല്‍ഹി : ഡല്‍ഹി മഹിപാല്‍പൂര്‍ ഫ്‌ളൈഓവറില്‍ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചയാളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി പൊലീസ്. ഡല്‍ഹി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ ശര്‍മ്മയാണ് യുവാവിനെ മരണത്തിന്റെ വക്കില്‍ നിന്ന് തിരിച്ചുകൊണ്ടുവന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതെടെ വ്യാപക പ്രശംസയാണ് അനില്‍ ശർമ്മയ്ക്ക് ലഭിക്കുന്നത്. യുവാവിനെ രക്ഷിക്കാനായി നടത്തിയ നാടകീയ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ഡല്‍ഹി പൊലീസിന്റെ ഔദ്യോഗിക എക്‌സിലാണ് പങ്ക് വെച്ചത്.

യുവാവ് ആത്മഹത്യാഭീഷണി മുഴക്കുന്നെന്ന വിവരം ഡല്‍ഹി പൊലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ അറിയിപ്പ് വന്നതിന് പിന്നാലെയാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഫ്‌ളൈ ഓവറിന്റെ അരികില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന നിലയിലായിരുന്നു യുവാവ്. യുവാവിന്റെ അടുത്തെത്തിയ പൊലീസ് ശ്രദ്ധ തിരിക്കാന്‍ വേണ്ടി ശാന്തമായി സംസാരിക്കുന്നതും ഒരു കുപ്പി വെള്ളം നല്‍കുന്നതും വീഡിയോയില്‍ കാണാം. സംഭാഷണത്തിനിടയില്‍, തീരുമാനം പുനഃപരിശോധിക്കാനും ഇന്‍സ്‌പെക്ടര്‍ യുവാവിനോട് പറയുന്നുണ്ട്.തുടർന്ന് എസ്ഐ ശര്‍മ്മ തന്റെ മൊബൈല്‍ ഫോണ്‍ യുവാവിന് നല്‍കുകയും, ഒരു കോള്‍ ഉണ്ടെന്ന് യുവാവിനെ തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു. ഫോണ്‍ വാങ്ങാനായി യുവാവ് കൈ നീട്ടിയപ്പോള്‍ ഒട്ടും സമയം കളയാതെ തന്നെ പിടിച്ച് വലിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയുമായിരുന്നു.

‘മനുഷ്യത്വവും കടമയും കൈകോര്‍ക്കുമ്പോള്‍, ജീവന്‍ രക്ഷിക്കപ്പെടുന്നു. എസ്ഐ അനില്‍ ശര്‍മ്മയുടെ പെട്ടെന്നുള്ള വിവേകത്തിനും പ്രവര്‍ത്തിക്കും സല്യൂട്ട്’, എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ചത്. ‘ഒരു അപരിചിതനെ സംരക്ഷിക്കാന്‍ ഈ പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ ജീവന്‍ പണയപ്പെടുത്തി, വളരെ പ്രശംസനീയമായ പ്രവർത്തി ചെയ്തു. വകുപ്പ് അദ്ദേഹത്തെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, എന്ന് തുടങ്ങുന്ന കമ്മന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.’സ്ഥലത്തെത്തിയ എസ്ഐ അനില്‍ ശര്‍മ്മ സംസാരിച്ച് യുവാവിനെ ശാന്തനാക്കി, കുടിക്കാന്‍ വെള്ളം നല്‍കി, മൊബൈല്‍ ഫോണ്‍ നല്‍കി ശ്രദ്ധ തിരിച്ചുവിട്ടു. ശരിയായ നിമിഷം മുതലെടുത്ത്, യുവാവിനെ പെട്ടെന്ന് ഫ്‌ലൈഓവറില്‍ നിന്ന് വലിച്ച് സുരക്ഷിത സ്ഥാനത്തെത്തിച്ചു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പ്രവര്‍ത്തനം വിലപ്പെട്ട ഒരു ജീവന്‍ രക്ഷിച്ചു,’ ഡല്‍ഹി പോലീസ് എക്‌സില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button