പാലക്കാട് IIT കാമ്പസിൽ വിദ്യാർഥിനിക്ക് നേരെ ആക്രമണമുണ്ടായത് കവർച്ചയ്ക്കിടെ; പ്രതിയുമായി തെളിവെടുപ്പ്

പാലക്കാട്: പാലക്കാട് ഐഐടി കാമ്പസിൽ വിദ്യാർഥിനിയെ ആക്രമിച്ചത് കവർച്ച ലക്ഷ്യമിട്ടെന്ന് വെളിപ്പെടുത്തി പ്രതി. കൊൽക്കത്ത സ്വദേശിയായ സുമനാണ് തമിഴ്നാട് സ്വദേശിയായ വിദ്യാർഥിനിയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം കവരാൻ ശ്രമിച്ചത്. കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി നിലവിളിച്ചു. ഇതോടെ ഇയാൾ ശ്രമം ഉപേക്ഷിച്ച് സമീപത്തെ അതിഥി തൊഴിലാളികളുടെ ക്യാമ്പിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നെന്നും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
വിദ്യാർഥിനികളുടെ സംഘം ഭക്ഷണം കഴിക്കാനിറങ്ങുമ്പോൾ ആക്രമിച്ച് കവർച്ച നടത്താനായിരുന്നു സുമന്റെ പദ്ധതി. കാമ്പസിലെ കുറ്റിക്കാട്ടിലാണ് ഇയാൾ ഒളിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് കസബ പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. ഐഐടിയിലെ ഡാറ്റാ സയൻസ് എൻജനീയറിങ് വിദ്യാർഥിനിയാണ് ആക്രമണത്തിന് ഇരയായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 23നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വൈകീട്ട് എട്ടരയോടെയായിരുന്നു ക്യാമ്പസിലെ കുറ്റിക്കാട്ടിൽ നിർമാണ പ്രവർത്തിക്കായി എത്തിച്ച മരത്തടിയുമായാണ് ഇയാൾ കാത്തിരുന്നത്. നാലാം വർഷ വിദ്യാർഥിനിയായ അശ്വിനിയെ(23) അപ്രതീക്ഷിതമായി എത്തിയ ആക്രമി തലയ്ക്കടിച്ച് വീഴ്ത്തുകയാണ് ഉണ്ടായത്. മാസങ്ങള് നീണ്ട അന്വേഷണത്തിന് ശേഷമാണ് പശ്ചിമബംഗാളിൽ നിന്നും പ്രതിയെ പിടികൂടിയത്. തലയ്ക്കും നെഞ്ചിനുമടക്കം യുവതിക്ക് പരിക്കേറ്റിരുന്നു.ഐഐടി കാമ്പസിൽ ആദ്യം ഭക്ഷണം കഴിക്കാനായി ഡൈനിങ് ഹാളിലേക്ക് പോകുന്നത് ആൺകുട്ടികളുടെ സംഘമാണ്. പിന്നീട് പോയ പെൺകുട്ടികളുടെ സംഘത്തിൽ ഉൾപ്പെട്ട തമിഴ്നാട് സേലം സ്വദേശിയായ വിദ്യാർഥിനി ഒറ്റയ്ക്ക് പോകുമ്പോഴാണ് ആക്രമണത്തിന് ഇരയായത്. പെൺകുട്ടി ഒറ്റയ്ക്കാണെന്ന് ഉറപ്പാക്കിയ ശേഷമാണ് സുമൻ വിദ്യാർഥിനിയുടെ തലയ്ക്കടിച്ച് വീഴ്ത്തിയത്. ആഭരണങ്ങൾ കവരാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി നിലവിളിക്കുകയും മറ്റ് കുട്ടികൾ ഓടി എത്തുകയുമായിരുന്നു. ഇതോടെ ഇയാൾ അവിടെ നിന്നും രക്ഷപ്പെട്ടു. ഐഐടി ക്യാമ്പസിൽ നിർമാണ പ്രവർത്തിക്കായി എത്തിയ അതിഥി തൊഴിലാളികളുടെ ക്യാമ്പിലേക്കാണ് ഇയാൾ രക്ഷപ്പെട്ട് എത്തിയത്. പൊലീസിനെ പേടിച്ച് ഇയാൾ നാട്ടിലേക്ക് കടന്നിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി ഇയാളെ ക്യാമ്പസിലും സമീപത്തെ അതിഥി തൊഴിലാളികളുടെ ക്യാമ്പിലെത്തിച്ചും തെളിവെടുപ്പ് നടത്തി.




