Uncategorized

എംഎസ്‌സി എല്‍സ 3 അപകടം; കടലിനടിയിലുള്ള കണ്ടെയ്‌നറുകള്‍ നീക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കേരള തീരത്ത് അറബിക്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പല്‍ ഉയര്‍ത്തുന്ന പരിസ്ഥിതി മലിനീകരണ ഭീഷണിയില്‍ ആശങ്ക രേഖപ്പെടുത്തിയും വിമര്‍ശനങ്ങളുന്നയിച്ചും ഹൈക്കോടതി. കപ്പല്‍ മുങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും അപകടകരമായ ചരക്കുകള്‍ മാറ്റുന്നതില്‍ അധികൃതര്‍ കാലതാമസം വരുത്തുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കടലിന്റെ അടിത്തട്ടില്‍ ചിതറിക്കിടക്കുന്ന കണ്ടെയ്‌നറുകള്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. സമുദ്രത്തിന്റെ ഒന്നര മൈല്‍ ചുറ്റളവില്‍ 96 കണ്ടെയ്‌നറുകള്‍ ചിതറിക്കിടക്കുന്നുണ്ടെന്നും മറ്റൊരു 475 കണ്ടെയ്‌നറുകള്‍ തകര്‍ന്ന കപ്പലിനുള്ളില്‍ തന്നെയുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഇതില്‍ ഏറ്റവും അപകടകരമായ കാര്‍ഗോ ബെല്‍റ്റുകള്‍ കൊണ്ട് മാത്രം കെട്ടിമുറുക്കിയ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നര്‍ കപ്പലിന് പുറത്താണ് കിടക്കുന്നത്. വരാനിരിക്കുന്ന ശക്തമായ മണ്‍സൂണ്‍ കാലത്തെ തിരമാലകളില്‍ പെട്ട് ഈ കണ്ടെയ്‌നര്‍ ഇളകി കരയ്ക്കടിയാനുള്ള സാധ്യത വളരെ കൂടുതലാണ്.

അങ്ങനെ കരയിലെത്തുന്ന കണ്ടെയ്‌നര്‍ ആരെങ്കിലും തുറന്നു നോക്കുകയോ അതിന് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഉണ്ടാകാന്‍ പോകുന്ന ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചും കോടതി മുന്നറിയിപ്പ് നല്‍കി. ഇത് സമുദ്ര ആവാസവ്യവസ്ഥയെ പൂര്‍ണമായി തകര്‍ക്കും. മത്സ്യങ്ങള്‍ ഈ പ്ലാസ്റ്റിക് വിഴുങ്ങുന്നത് വഴി സംസ്ഥാനത്തെ മത്സ്യബന്ധന മേഖല പ്രതിസന്ധിയിലാകും. കടല്‍ വിഭവങ്ങളുടെ കയറ്റുമതി വിദേശ രാജ്യങ്ങള്‍ നിരസിക്കുന്നതിലേക്കും പ്രശസ്തമായ അഷ്ടമുടിയിലെ കക്ക വ്യവസായം വരെ തകരുന്നതിലേക്കും ഇത് വഴിതെളിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

2025 മേയ് 9ന് ശേഷം അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി, സംസ്ഥാന സര്‍ക്കാരിന് സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തീരദേശ സംരക്ഷണം കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഓര്‍മിപ്പിച്ചു. മുന്‍പ് കരയ്ക്കടിഞ്ഞ പ്ലാസ്റ്റിക് പെല്ലെറ്റുകള്‍ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്തുവെന്ന കപ്പല്‍ കമ്പനിയുടെ വാദത്തെയും കോടതി തള്ളി. ശേഖരിച്ച പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ഇപ്പോഴും നശിപ്പിക്കാതെ ഒരു ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്നും, അങ്ങനെയെങ്കില്‍ അവ പൂര്‍ണമായി ഒഴിവാക്കിയെന്ന് കമ്പനിക്ക് എങ്ങനെ അവകാശപ്പെടാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.

അതേസമയം, കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോടതി ചൂണ്ടിക്കാണിച്ച ആശങ്കകളും ഹര്‍ജികളിലെ പൊതുവായ ആവശ്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി പരിസ്ഥിതി മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് എന്നിവരുള്‍പ്പെടെ ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ സംയുക്ത യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. കോടതി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കൃത്യമായ ഒരു സമഗ്ര കര്‍മപദ്ധതി രണ്ടാഴ്ചയ്ക്കകം കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കുമെന്നും കേന്ദ്രം പറഞ്ഞു. കേസ് വീണ്ടും 14ന് പരിഗണിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button