ഇന്നലെ കർത്തയുടെ മകൾ, ഇന്ന് ഭാര്യയും മകനും, വീണ വിജയന് നാളെ നിർണായകം; മാസപ്പടി കേസിൽ ഇഡിയുടെ ചോദ്യമുന, ഹാജരാകുമോ?

കൊച്ചി: മാസപ്പടി കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. കരിമണല്‍ കമ്പനി സി എം ആർ എലിന്റെ എം ഡി ശശിധരന് കര്‍ത്തയുടെ മകളെ ഇന്നലെ ചോദ്യം ചെയ്ത ഇ ഡി, ഇന്ന് ഭാര്യയെയും മകനെയും ചോദ്യം ചെയ്തു. ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും മകൻ ശരൺ എസ് കർത്തയും ഇന്ന് ഇ ഡി ഓഫീസിൽ ഹാജരായി. രാവിലെ പതിനൊന്നരയോടെയാണ് ഇരുവരും ചോദ്യം ചെയ്യലിന് എത്തിയത്. ഇതുവരെയും പൂർത്തിയായിട്ടില്ല. കര്‍ത്തയുടെ മകളും സി എം ആര് എലിന്റെ സഹോദര സ്ഥാപനമായ നിപുണ ഇന്റര്‍നാഷണല്‍ ഡയറക്ടറുമായ ഷൈബി എസ് കര്‍ത്തയെ ഇന്നലെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയൻ നേതൃത്വം നല്കുന്ന എക്സാലോജിക് സൊല്യൂഷന് എന്ന സ്ഥാപനത്തിന് ചെയ്യാത്ത സേവനത്തിന് സി എം ആര് എല്‍ പണം നല്‍കിയതിലാണ് അന്വേഷണം. സമാനമായ രീതിയില്‍ നിപുണ ഇന്റര്‍നാഷണലിനും സി എം ആര് എല്‍ പണം നല്‍കിയതായി എസ് എഫ് ഐ ഒ കണ്ടെത്തിയിരുന്നു. ഈ ഇടപാടുകളെ പറ്റിയാണ് ഇ ഡി ഷൈബിയില് നിന്ന് വിവരങ്ങള്‍ തേടിയത്. സി എം ആർ എലുമായി ബന്ധപ്പെട്ട കൂടുതൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ചോദ്യം ചെയ്യലും ഇന്നുണ്ടാകും. നാളെയാണ് പിണറായിയുടെ മകളും എക്സാലോജിക് കമ്പനി മേധാവിയുമായ വീണയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.




