തളിപ്പറമ്പിൽ ‘തൂഫാൻ’ പരിശോധന: എംഡിഎംഎയും കഞ്ചാവുമായി താർ ജീപ്പിൽ എത്തിയ രണ്ടുപേർ പിടിയിൽ

തളിപ്പറമ്പ്: ലഹരിമരുന്ന് വിരുദ്ധ പ്രത്യേക പരിശോധനയായ ‘തൂഫാന്റെ’ ഭാഗമായി തളിപ്പറമ്പ് പോലീസ് നടത്തിയ റെയ്ഡിൽ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. തളിപ്പറമ്പ് ആസാദ് നഗറിലെ സുബൈദാ മൻസിലിൽ പി.പി. ഷഹീർ, പഴയങ്ങാടി മാടായി ആർസി ചർച്ചിന് സമീപത്തെ സി.പി. ഹൗസിൽ സി.പി. അറഫാത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 7:30 ഓടെ തളിപ്പറമ്പ് ദേശീയപാതയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന് സമീപത്ത് വച്ചായിരുന്നു അറസ്റ്റ്. ഇരുവരും സഞ്ചരിച്ചിരുന്ന KL 60 U 0707 നമ്പർ മഹീന്ദ്ര താർ ജീപ്പിൽ ഇരുന്ന് ലഹരിമരുന്ന് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സംഘം ഇവരെ വളഞ്ഞത്.
തളിപ്പറമ്പ് എസ്.ഐമാരായ കെ.എസ്. നിതിൻ, യു.എസ്. അസ്ബർ ബാബു, സീനിയർ സി.പി.ഒ വൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും വിപണന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.




