ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരെ അന്വേഷണം. കേസ് എഴുതി തള്ളാനാവില്ലന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. കേസ് ഒഴിവാക്കി പൊലീസ് നല്കിയ റിപ്പോര്‍ട്ട് കോടതി തള്ളി. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടു.
2022 ജൂൺ 13 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തിൽ വന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. സ്വർണക്കടത്ത് വിവാദത്തിനിടെയായിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ തള്ളിയിടുകയായിരുന്നു. സംഭവത്തിൽ ഇൻഡിഗോ അന്വേഷണം നടത്തുകയും ഇപിക്ക് മൂന്ന് ആഴ്ച്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.പിന്നാലെ ഇൻഡിഗോ വിമാനത്തിലെ യാത്ര ഇ പി അവസാനിപ്പിച്ചിരുന്നു. പിന്നീട് പല തവണ ഇൻഡിഗോ അധികൃതർ ഇ പിയെ തീരുമാനത്തിൽ നിന്നും പിൻവാങ്ങാൻ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നെങ്കിലും കയറില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിന്നു. ഒടുവിൽ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചപ്പോൾ അദ്ദേഹത്തെ കാണാന്‍ ഇ പി ഡല്‍ഹിക്ക് തിരിച്ചത് ഇന്‍ഡിഗോ വിമാനത്തിലായിരുന്നു. അന്നാണ് ഇൻഡിഗോ ബഹിഷ്കരണം ഇ പി അവസാനിപ്പിച്ചത്.




