Uncategorized

ഒമാനിലെ പ്രധാന എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; ഡ്രോൺ ആക്രമണമെന്ന് സംശയം, എണ്ണക്കയറ്റുമതി നിർത്തിവെച്ചു

മസ്കറ്റ്: ഒമാന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ടെർമിനലുകളിലൊന്നായ ‘മിന അൽ ഫഹൽ’ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാൻ താല്ക്കാലികമായി നിർത്തിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് ഈ വിവരം പുറത്തുവന്നത്.

കടലിൽ നിന്നും കപ്പലുകളിലേക്ക് എണ്ണ നിറയ്ക്കാൻ ഉപയോഗിക്കുന്ന സുപ്രധാന സംവിധാനമായ സിംഗിൾ-ബോയ് മൂറിങ് ബെർത്തുകൾക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. എസ്‌ബി‌എം 1, എസ്‌ബി‌എം 2 എന്നീ ബെർത്തുകൾക്കിടയിലാണ് സ്ഫോടനം നടന്നതെന്ന് ഈ രംഗവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഈ അട്ടിമറി നീക്കം കൃത്യമായി ഏത് സമയത്താണ് നടന്നതെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

വൻകിട എണ്ണക്കപ്പലുകൾ കടലിൽ കുടുങ്ങി

ആക്രമണത്തെ തുടർന്ന് ടെർമിനലിന്‍റെ പ്രവർത്തനം സ്തംഭിച്ചതോടെ, എണ്ണ കൊണ്ടുപോകാനായി എത്തിയ നിരവധി സൂപ്പർടാങ്കറുകൾ തുറമുഖത്തിന് പുറത്ത് കടലിൽ നങ്കൂരമിട്ടിട്ടിരിക്കുകയാണെന്ന് എൽ.എസ്.ഇ.ജിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഈ കപ്പലുകൾക്ക് എണ്ണ നിറച്ചു നൽകാനാകാത്തത് ആഗോള ഇന്ധന വിപണിയിലും വിതരണ ശൃംഖലയിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ഒമാൻ ഭരണകൂടവും സിവിൽ ഏവിയേഷൻ-സുരക്ഷാ വിഭാഗങ്ങളും സാഹചര്യം വിലയിരുത്തി വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button