Uncategorized

ദുരന്തരാത്രി: നിർമാണത്തിലിരുന്ന പാലം ശക്തമായ കാറ്റിലും മഴയിലും തകർന്നുവീണു; ഉത്തർപ്രദേശിൽ ആറ് പേർ കൊല്ലപ്പെട്ടു

ഹമീർപൂർ: ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ ബേത്വ നദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു. ലോകേന്ദ്ര നിഷാദ് (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭജീത് (30), പുഷ്പേന്ദ്ര സിംഗ് ചൗഹാൻ (34), രാജേഷ് പാൽ (42) എന്നിവരാണ് മരിച്ചത്. ഇവർ ബന്ദ, ഹമീർപൂർ സ്വദേശികളാണ്. ഇന്ന് പുലർച്ചെ 3 മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പാലത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണാണ് അപകടമുണ്ടായത്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്നവരും മഴയിൽ നിന്ന് രക്ഷനേടാൻ പാലത്തിന് താഴെ വിശ്രമിച്ചവരുമാണ് അപകടത്തിൽപ്പെട്ടത്.

സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തകർന്ന സ്ലാബുകൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തു. ചില തൊഴിലാളികൾ പാലത്തിന്റെ തൂണുകളിൽ കുടുങ്ങിക്കിടന്നിരുന്നതായും അവരെ സുരക്ഷിതമായി താഴെയിറക്കിയതായും അധികൃതർ അറിയിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ലാൽപുര പോലീസ് സ്റ്റേഷൻ പരിധിയിലെ മോരകന്ദർ പർസാനി ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. കുരാര മേഖലയുമായി ബന്ധിപ്പിക്കുന്ന പാലമായിരുന്നു ഇത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button