അർദ്ധനഗ്നരാക്കി തെരുവിലൂടെ നടത്തിക്കും, കുറ്റവാളികളെ ഭയപ്പെടുത്താൻ ബംഗാളിൽ പുതിയ നീക്കവുമായി ബിജെപി സർക്കാർ

കൊൽക്കത്ത: കുറ്റവാളികളെ ഭയപ്പെടുത്തുന്നതിനും പൊലീസിൽ പൊതുജനങ്ങൾക്ക് വിശ്വാസം വളർത്തുന്നതിനുമായി ബംഗാളിലെ പുതിയ നീക്കവുമായി ബിജെപി സർക്കാർ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബംഗാൾ പൊലീസ് പിടികൂടുന്ന കുറ്റവാളികളെ അർദ്ധനഗ്നരായി നോർത്ത്, സൗത്ത്, സെൻട്രൽ ഹൗറയിലെ തെരുവുകളിലൂടെ നടത്തിക്കുകയാണ്. മെയ് നാലിന് ബംഗാളിൽ ഭരണം മാറിയതുമുതൽ, അറസ്റ്റിലാകുന്ന എല്ലാ കുറ്റവാളികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം അവർ ഭീതി പരത്തി വാണിരുന്ന അതേ പ്രദേശങ്ങളിലൂടെ പോലീസ് കൊണ്ടുപോകുന്നുണ്ട്.
മുൻപൊക്കെ ഈ ഗുണ്ടകളെ കാണുമ്പോൾ തന്നെ ജനങ്ങളുടെ മനസ്സിൽ ഭയം നിറയുകയും അറിയാതെ തന്നെ ബഹുമാനത്തോടെ കൈകൾ കൂപ്പിപ്പോകുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ കുറ്റവാളികളുടെ അപമാനം നേരിട്ട് കണ്ടതോടെ, പ്രദേശവാസികൾ ഒതുങ്ങിയ ശബ്‍ദത്തിലല്ലാതെ പരസ്യമായിത്തന്നെ ഇവർക്കെതിരെ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. നോർത്ത് ഹൗറയിൽ, ആ പ്രദേശത്തെ കുപ്രസിദ്ധ ‘ഡോൺ’ എന്ന് വിളിക്കപ്പെടുന്ന ആകാശ് സിംഗിനെ തല മുണ്ഡനം ചെയ്ത്, സ്ലീവ്ലെസ് വെസ്റ്റ് മാത്രം ധരിപ്പിച്ച് പൊലീസ് തെരുവിലൂടെ നടത്തിച്ചു. ഈ മാസം തുടക്കത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
തുടർന്ന് ബുധനാഴ്ച, ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയിരുന്ന എല്ലാ പ്രദേശങ്ങളിലും പൊലീസ് ഇയാളെ എത്തിച്ചു. ഇതിനിടയിൽ കുറ്റകൃത്യം നടന്ന സ്ഥലം പുനഃസൃഷ്ടിച്ച് പരിശോധിക്കുകയും ചെയ്തു. 2021ലും അതിനുശേഷമുള്ള വർഷങ്ങളിലും നിരവധി ആക്രമണങ്ങളും ബോംബേറുകളും മറ്റ് ക്രിമിനൽ സംഭവങ്ങളും നടന്ന സ്ഥലങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു.




