Uncategorized

ഫിഷറീസിൽ തട്ടി വലഞ്ഞ് കോൺഗ്രസും മുസ്‌ലിം ലീ​ഗും; വകുപ്പ് വിഭജനം യുഡിഎഫിന് കീറാമുട്ടി

തിരുവനന്തപുരം: മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസവും വകുപ്പ് വിഭജനം പൂർത്തിയാക്കാനാകാതെ യുഡിഎഫ്. ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വകുപ്പ് വിഭജനം കീറാമുട്ടിയാക്കുന്നത്. നേരത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺ​ഗ്രസിന് വിട്ടുനൽകാൻ മുസ്‌ലിം ലീ​ഗ് സമ്മതിച്ചിരുന്നു. പകരമായി ഫിഷറീസ് വകുപ്പാണ് മുസ്‌ലിം ലീ​ഗ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഫിഷറീസ് വകുപ്പ് വിട്ടു കൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കോൺ​ഗ്രസ്. ഫിഷറീസ് ലീ​ഗിന് വിട്ട് കൊടുക്കരുതെന്നാണ് കോൺ​ഗ്രസിലെ ഒരു വിഭാ​ഗത്തിൻ്റെ ആവശ്യം. മുസ്‌ലിം ലീ​ഗിന് ഫിഷറീസ് വിട്ടു നൽകരുതെന്ന് ലത്തീൻസഭയും ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് റോജി എം ജോണിന് നൽകാനാണ് കോൺ​​ഗ്രസിൽ ധാരണയായിരുന്നത്. എന്നാൽ ഫിഷറീസ് വിട്ടു നൽകിയില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈമാറാൻ കഴിയില്ലെന്ന നിലപാടിലാണ് മുസ്‌ലിം ലീ​ഗ്.

ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് ലത്തീൻസഭ സ്വീകരിച്ചിരിക്കുന്ന നിലപാടാണ് കോൺ​ഗ്രസിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുന്നത്. ലത്തീൻസഭയെ അനുനയിപ്പിക്കാനുള്ള നീക്കം കോൺ​ഗ്രസ് നടത്തുന്നുണ്ടെങ്കിലും ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ സഭാനേതൃത്വം തയ്യാറായിട്ടില്ലെന്നാണ് വിവരം. മന്ത്രിമാരായ കെ മുരളീധരനും സി പി ജോണും കഴിഞ്ഞ ദിവസം ലത്തീന്‍ അതിരൂപത ആസ്ഥാനത്തെത്തിയിരുന്നു. മന്ത്രിസ്ഥാനം സംബന്ധിച്ച് അതൃപ്തി പ്രകടമാക്കിയ ലത്തീന്‍ സഭയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാര്‍ സഭാ ആസ്ഥാനത്തെത്തിയത്. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തി. കടലിനെ അറിയുന്നയാള്‍ മന്ത്രിയാകണം എന്ന് മുഖ്യമന്ത്രി വി ഡി സതീശനോടും സഭ ആവശ്യപ്പെട്ടിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button