Uncategorized

അങ്കമാലിയിൽ തീവണ്ടിയിറങ്ങി ഓട്ടോ പിടിച്ച് ആലുവയിലേക്ക്; ഷോൾഡർ ബാഗിൽ തുണിയിൽ പൊതിഞ്ഞ് കഞ്ചാവ്, എത്തിച്ചത് ഓട്ടോ ഡ്രൈവർക്കായി

കൊച്ചി: ആലുവയിൽ രണ്ടിടങ്ങളിൽ നടത്തിയ വേട്ടയിൽ 35 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരു മലയാളിയും ആറ് ഇതര സംസ്ഥാന തൊഴിലാളികളും പൊലീസ് പിടിയിലായിട്ടുണ്ട്. ഓട്ടോറിക്ഷയിൽ 25 കിലോ കഞ്ചാവുമായി വന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സുജൻ മണ്ഡൽ (31), ഇനാഫുൽ മണ്ഡൽ (26), മഫീക്കുൽ മണ്ഡൽ (25), ആലുവ നൊച്ചിമ പുളിക്കലത്ത് വീട്ടിൽ ആസാദ് (41) എന്നിവരെ തോട്ടക്കാട്ടുകരയിൽ വച്ചും ഓട്ടോയിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശികളായ രാകേഷ് മണ്ഡൽ (25), ബാപ്പി വിശ്വാസ് (28), മാഫിക്കുൽ ബിശ്വാസ് (22) എന്നിവരെ ദേശത്ത് വച്ചുമാണ് ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഒഡീഷയിൽ നിന്ന് തീവണ്ടി മാർഗമാണ് കഞ്ചാവ് എത്തിച്ചത്. അങ്കമാലിയിൽ തീവണ്ടി ഇറങ്ങി ഓട്ടോറിക്ഷയിൽ ആലുവയിലേക്ക് വരുന്ന വഴിയാണ് ആദ്യ സംഘത്തെ പിടികൂടിയത്. ഇവർ ഓട്ടോ ഡ്രൈവർ ആസാദിനായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസിനോട് പറഞ്ഞു. കിലോയ്ക്ക് 18,000 രൂപ നിരക്കിലാണ് ആസാദിന് നൽകിയിരുന്നത്. അങ്കമാലിയിലിറങ്ങി അവിടെ നിന്ന് ഓട്ടോ വിളിച്ച് കുട്ടമശേരി ഭാഗത്തേക്ക് പോകുന്ന വഴിയാണ് ദേശത്ത് വച്ച് 10 കിലോ കഞ്ചാവ് പിടികൂടിയത്. ഷോൾഡർ ബാഗിൽ വസ്ത്രത്തിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. 375 കിലോഗ്രാമോളം കഞ്ചാവാണ് ഈ വർഷം ഇതുവരെ റൂറൽ ജില്ലയിൽ പൊലീസ് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്‍റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, പെരുമ്പാവൂർ എഎസ്പി ഹാർദ്ദിക് മീണ, ഡിവൈഎസ്പിമാരായ ജെ ഉമേഷ് കുമാർ, ബാബുക്കുട്ടൻ, ഇൻസ്പെക്ടർ കെ ജി ഗോപകുമാർ, എസ്ഐമാരായ വന്ദന കൃഷ്ണ, അജിത് കുമാർ, വിആർ വിഷ്ണു, കെ കെ സജീഷ്, ടി അനൂപ്, ബിജു എഎസ്ഐമാരായ പിഎ അബ്ദുൽ മനാഫ്, ബിനു, സീനിയർ സിപിഒമാരായ ടിഎ അഫ്സൽ, ബെന്നി ഐസക്ക്, സിപിഒമാരായ റോബിൻ ജോയി, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, വി എ അഫ്സൽ, സിറാജുദ്ദീൻ, അരവിന്ദ് വിജയൻ, ഗസ്നി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button