Uncategorized

എന്നെയും പിണറായിയെയും മാറ്റാമെന്നത് വ്യാമോഹം മാത്രം’പരാമർശം നടത്തിയിട്ടില്ല; വ്യാജ പ്രചരണമെന്ന് എം .വി. ഗോവിന്ദൻ

തിരുവനന്തപുരത്ത് നടന്ന സിപിഐഎം മേഖലാ റിപ്പോർട്ടിങ്ങിൽ ‘എന്നെയും പിണറായിയെയും മാറ്റിയിട്ട് മറ്റാരെ വെക്കും’, ‘എന്നെയും പിണറായിയെയും മാറ്റാമെന്നത് വ്യാമോഹം മാത്രം’ എന്നിങ്ങനെയുള്ള വാക്കുകൾ താൻ പറഞ്ഞതായുള്ള വാർത്തകൾ ചില മാധ്യമങ്ങൾ നടത്തുന്ന വ്യാജ പ്രചാരണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

സിപിഐഎമ്മിൽ ആര് നേതാവാകണം എന്ന് നിശ്ചയിക്കുന്നത് മാധ്യമങ്ങളല്ല, പാർട്ടിയാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാരീതി ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ വ്യക്തമാക്കി. വ്യാജ പ്രചരണങ്ങൾ നടത്തുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു. ബ്രാഞ്ച് തലം വരെയുള്ള പാർട്ടി പ്രവർത്തകരുടെ വിമർശനങ്ങൾ ഉൾക്കൊണ്ട് കാലാനുസൃതമായ കർമ പദ്ധതി സിപിഐഎം തയ്യാറാക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
യഥാർഥ്യത്തിൻ്റെ കണിക പോലുമില്ലാത്ത വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും എംവി.ഗോവിന്ദൻ അഭ്യര്‍ഥിച്ചു. ഇത്തരം കള്ളപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്നും വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ്‌ തോല്‍വിയുമായി ബന്ധപ്പെട്ട്‌ വിശദമായ പരിശോധനയാണ്‌ പാർട്ടി ആകെ നടത്തിയത്‌. പാര്‍ട്ടി പ്രവര്‍ത്തകര്‍ ബ്രാഞ്ച്‌ യോഗങ്ങളില്‍ വരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പരിശോധിച്ച്‌, ആവശ്യമായ തിരുത്തലുകള്‍ പാർട്ടി നടത്തി വരികയാണെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പൊതുജനങ്ങളില്‍ നിന്ന്‌ സിപിഐ (എം) അഭിപ്രായങ്ങൾ തേടുന്നുണ്ട്. പതിനായിരക്കണക്കിന്‌ നിര്‍ദേശങ്ങളാണ്‌ പൊതുജനങ്ങളില്‍ നിന്ന്‌ ഇതിനകം ലഭിച്ചത്‌. സിപിഐഎമ്മില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസവും സ്‌നേഹവുമാണ്‌ ഇതിലൂടെ വ്യക്തമാവുന്നത്‌. ഈ നിർദേശങ്ങള്‍ കൂടി പരിഗണിച്ച്‌, ആഗസ്‌റ്റ്‌ മാസത്തില്‍ നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ സിപിഐ (എം) കര്‍മപദ്ധതിക്ക്‌ രൂപം നല്‍കുമെന്നും വാർത്താ കുറിപ്പിലൂടെ എം.വി ഗോവിന്ദൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button