Uncategorized

ഏതെങ്കിലും വ്യക്തിക്ക് പറ്റിയ വീഴ്ചയാണ് തോൽവിക്ക് കാരണമെന്ന് വിലയിരുത്തുന്നത് ശരിയല്ല: എം സ്വരാജ്

മലപ്പുറം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾ പുരോഗമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം സ്വരാജ്. സമഗ്രമായ ചർച്ചകൾ നടക്കുകയാണെന്നും സ്വരാജ് വ്യക്തമാക്കി. വിമർശനങ്ങൾ ഉയരാൻ ആണ് യോഗം ചേരുന്നതെന്നും അരുതാത്തത് എന്തോ സംഭവിച്ചു എന്ന് കരുതേണ്ടതില്ലെന്നും സ്വരാജ് പറഞ്ഞു. എന്നാൽ യോഗങ്ങൾ സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകൾ യാഥാർഥ്യമല്ലെന്നും സ്വരാജ് ചൂണ്ടിക്കാണിച്ചു. പൊട്ടും പൊടിയുമൊക്കെയാണ് പുറത്ത് വരുന്നത്. പുറത്ത് വരുന്ന വാർത്തകളെ ഗൗരവമായി കാണുന്നില്ല. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും സ്വരാജ് പറഞ്ഞു.

വലിയൊരു പരാജയം ഉണ്ടാകുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണ്. വിജയങ്ങൾ ഉണ്ടാകുമ്പോൾ അഭിനന്ദനവും ഉണ്ടാകും. വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്. ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല വിജയ പരാജയങ്ങൾ. യാഥാർത്ഥ്യ ബോധമില്ലാത്ത വിലയിരുത്തലാണ് അതെന്നും സ്വരാജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ഏതെങ്കിലും വ്യക്തിക്ക് പറ്റിയ വീഴ്ചയാണ് തോൽവിക്ക് കാരണമെന്ന് വിലയിരുത്തുന്നത് ശരിയല്ല. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരെ ഈ വിമർശനങ്ങൾ ഒന്നും ബാധിക്കുന്നില്ലെന്നും സ്വരാജ് ചൂണ്ടിക്കാണിച്ചു. വിജയിച്ചവരിൽ ഒരു പോളിറ്റ് ബ്യൂറോ അംഗം മാത്രമേ ഉള്ളുവെന്നും ഒരാൾ മാത്രമേ പാർട്ടിയുടെ ആലോചനയിൽ ഉണ്ടായിരുന്നുള്ളുവെന്നും സ്വരാജ് വ്യക്തമാക്കി.ഗവണ്മെന്റ് വരുമ്പോൾ ജനങ്ങളുടെ ഇഷ്ടം നേടുന്ന തീരുമാനങ്ങൾ ആണ് എടുക്കുകയെന്ന് ചൂണ്ടിക്കാണിച്ച സ്വരാജ് തുടക്കത്തിൽ തന്നെ ശാപവാക്കുകൾ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. സത്യപ്രതിജ്ഞയിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പങ്കെടുത്തു. 2021ൽ എന്തായിരുന്നു സംഭവിച്ചത്. ഞങ്ങൾ അതുപോലെ ആയിരിക്കില്ല. നല്ലൊരു ക്രിയാത്മക പ്രതിപക്ഷം ആയിരിക്കുമെന്നും സ്വരാജ് വ്യക്തമാക്കി.

മന്ത്രിസഭ യോഗം പ്രഖ്യാപിച്ചിട്ടുള്ള വാഗ്ദാനങ്ങളിൽ ഇതിനോടകം വിമർശനം ഉയർന്നിട്ടുണ്ടെന്നും സ്വരാജ് ചൂണ്ടിക്കാണിച്ചു. സർക്കാരിന്റെ പ്രവർത്തനം അനുസരിച്ചായിരിക്കും പ്രതിപക്ഷത്തിന്റെ പിന്തുണ. അവർ തെറ്റായ വഴിയിലൂടെ പോയാൽ അതിനെ ശക്തമായി വിമർശിക്കുമെന്നും സ്വരാജ് വ്യക്തമാക്കി. വലതുപക്ഷത്തിന് സമൂഹത്തിൽ ഒരു പ്രിവിലേജ് ഉണ്ട്. നേരിയ ഒരു പിശക് പോലും ഇടത് പക്ഷത്തിന് സംഭവിക്കരുത് എന്ന് ഒരു വാശിയുണ്ടെന്നും സ്വരാജ് ചൂണ്ടിക്കാണിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button