ലോകം കാത്തിരിക്കുന്ന വമ്പൻ പ്രഖ്യാപനം ഉടൻ? അമേരിക്ക ഇറാന് മേലുള്ള ഉപരോധം നീക്കിയേക്കും, യുദ്ധത്തിലെ നഷ്ടപരിഹാര ആവശ്യത്തിൽ നിന്ന് ഇറാനും പിൻവാങ്ങും?

വാഷിംഗ്ടൺ: സമാധാന ചർച്ചകളുടെ മുന്നോടിയായി വലിയ വിട്ടുവീഴ്ച്ചകൾക്ക് ഇറാനും അമേരിക്കയും ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചർച്ചകൾ നടക്കുന്ന സമയം വരെ ഇറാന് മേലുള്ള എണ്ണ ഉപരോധം അമേരിക്ക നീക്കുമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇറാന് അന്താരാഷ്ട്ര വിപണിയിൽ എണ്ണ കയറ്റുമതിക്കുള്ള തടസ്സങ്ങൾ നീങ്ങും. പുതുക്കിയ പതിനാലിന നിർദേശങ്ങൾ അമേരിക്കയ്ക്ക് ഇറാൻ കൈമാറിയിട്ടുണ്ട്. യുദ്ധത്തിന് നഷ്ടപരിഹാരമെന്ന ആവശ്യത്തിൽ നിന്ന് ഇറാനും പിറകോട്ട് പോകുന്നതായി റിപ്പോർട്ടുകളുണ്ട്. നഷ്ടപരിഹാരത്തിന് പകരം, സാമ്പത്തികമായ ഉപരോധങ്ങൾ നീക്കുന്നതുൾപ്പടെ ഇളവുകൾ മതിയെന്ന് ഇറാൻ സമ്മതിച്ചതായാണ് റിപ്പോർട്ട്. ആണവ പദ്ധതി ദീർഘകാലത്തേക്ക് മരവിപ്പിക്കുക, യുറേനിയം ശേഖരം റഷ്യയ്ക്ക് കൈമാറുക, പകരമായി ദീർഘകാലത്തേക്ക് ഉടമ്പടി എന്നിവയും ചർച്ചകളിലുണ്ട്. ഇതിനിടെ ഹോർമൂസ് നിയന്ത്രിക്കാനായി ഇറാൻ രൂപം നൽകിയ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റിയുടെ പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പ്രവർത്തന സജ്ജമായി. 1500 കപ്പലുകളാണ് ഹോർമൂസ് കടക്കാൻ കാത്ത് കിടക്കുന്നത്.




