Uncategorized

റഷ്യയില്‍ യുക്രൈൻ്റെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

മോസ്‌കോ: റഷ്യയിലെ മോസ്‌കോയില്‍ നടന്ന യുക്രൈൻ്റെ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് റഷ്യയിലെ ഇന്ത്യന്‍ എംബസി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എംബസിയിലെ ഉദ്യോഗസ്ഥര്‍ ആക്രമണം നടന്ന സ്ഥലവും ആശുപത്രിയില്‍ കഴിയുന്ന പരിക്കേറ്റവരെയും സന്ദര്‍ശിച്ചു. മോസ്‌കോയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനാണ് മരിച്ചത്. കമ്പനി മാനേജ്‌മെന്റുമായും പ്രാദേശിക ഭരണകൂടമായും ജീവനക്കാര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് എംബസി വ്യക്തമാക്കി. അതേസമയം മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മോസ്‌കോയില്‍ യുക്രൈൻ അടുത്ത കാലത്തായി കനത്ത ആക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരത്തോളം യുക്രൈൻ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഡ്രോണ്‍ ആക്രമണത്തില്‍ താമസ സ്ഥലങ്ങൾക്കടക്കം കനത്ത നാശനഷ്ടം സംഭവിച്ചു. നാല് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. മോസ്‌കോയില്‍ നിന്നുള്ള മൂന്ന് പേരും യുക്രൈൻ അതിര്‍ത്തിയിലുള്ള ബെല്‍ഗോറോഡില്‍ നിന്നുള്ള ഒരാളുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. മോസ്‌കോയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഖിമ്ക്കിയില്‍ യുക്രൈൻ നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിട്ടുണ്ട്. പോഗോറെല്‍ക്കിയില്‍ രണ്ട് പുരുഷന്മാരും കൊല്ലപ്പെട്ടു.അതേസമയം റഷ്യന്‍ ആക്രമണത്തിനുള്ള മറുപടിയാണ് ഡ്രോണ്‍ ആക്രമണം എന്നാണ് യുക്രൈന്റെ പ്രതികരണം. യുക്രൈനിലെ കീവില്‍ റഷ്യ ശക്തമായ വ്യോമാക്രമണം നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചടി. റഷ്യന്‍ ബോംബാക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button