Uncategorized

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അത്യാധുനിക സൗകര്യങ്ങളൊരുക്കുക ലക്ഷ്യം; വിപുലമായ പദ്ധതിയുമായി സൗദിയ ഗ്രൂപ്പ്

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അത്യാധുനിക സൗകര്യങ്ങളൊരുക്കാന്‍ വിപുലമായ പദ്ധതിയുമായി സൗദിയ ഗ്രൂപ്പ്. അറഫയില്‍ ആദ്യമായി ഇരുനില ടെന്റുകളും മിനായില്‍ ആഡംബര ടവറുകളും ഉള്‍പ്പെടെയുള്ള നൂതന സേവനങ്ങളാണ് ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ സൗദിയ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കുന്നത്. വരുന്ന ഹജ്ജ് സീസണില്‍ തീര്‍ത്ഥാടകര്‍ക്ക് മികച്ച യാത്രാ-താമസ അനുഭവം പകരാന്‍ ലക്ഷ്യമിട്ടുള്ള കര്‍മപദ്ധതിക്കാണ് സൗദിയ ഗ്രൂപ്പ് തയ്യാറെടുക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം തീര്‍ത്ഥാടകര്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെ ഹജ്ജ് നിര്‍വഹണത്തിനുള്ള സൗകര്യങ്ങള്‍ ഇത്തവണ കമ്പനി സജ്ജമാക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 300 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം ഈ രംഗത്ത് ലക്ഷ്യമിടുന്നത്.

അറഫയിലെ സ്ഥലപരിമിതി പരിഹരിക്കുന്നതിനായി ഇരട്ടനില ടെന്റുകള്‍ നിര്‍മിക്കും എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. ഇതോടൊപ്പം തീര്‍ത്ഥാടകര്‍ക്കായി മിനായില്‍ വിമാനങ്ങളിലെ ‘ഫസ്റ്റ് ക്ലാസ്’ ക്യാബിനുകള്‍ക്ക് സമാനമായ രീതിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള മൂന്ന് ടവറുകളും ഒരുക്കും. ഇതിനു പുറമെ യാത്രക്കാരുടെ ലഗേജുകള്‍ നേരിട്ട് താമസസ്ഥലത്ത് എത്തിക്കുന്ന ലഗേജ് രഹിത ഹജ്ജ് എന്ന സൗകര്യവും പുണ്യസ്ഥലങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ക്ലിനിക്കുകളും ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള ഏകോപനവും പദ്ധതിയുടെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്.മുതിര്‍ന്ന പൗരന്മാര്‍ക്കായി ഇരു ഹറമുകളിലും ഗോള്‍ഫ് കാര്‍ട്ടുകളും ലഭ്യമാക്കും. തീര്‍ത്ഥാടകര്‍ക്ക് ശാരീരിക ആയാസം കുറച്ച് പ്രാര്‍ത്ഥനകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന വിധത്തിലാണ് സൗദിയ ഗ്രൂപ്പ് ഈ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button