Uncategorized

മുഖ്യമന്ത്രി എവിടെ? ഞങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാനാവുന്നില്ല! കോൺഗ്രസിനെതിരെ തിരിഞ്ഞ് ലീഗ്

തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഫലവും വന്നു. ഇതാ ഈ നിമിഷം വരെ കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺ​ഗ്രസിനോ ‘ടീം’ യുഡിഎഫിനോ സാധിച്ചിട്ടില്ല. മുഖ്യമന്ത്രി കസേരയ്ക്കായി ഇലക്ഷൻ റിസൾട്ട് വരുന്നതിന് മുന്നേ തുടങ്ങിയ അടിയുടെ ശൗര്യം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല.

തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഹൈക്കമാൻഡിലെ മെയിൻ കെ സി വേണു​ഗോപാലിനും വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കുമായി ​ഗ്രൂപ്പ് തിരിഞ്ഞ് ഫ്ലക്സ് വയ്ക്കുന്ന തിരക്കിലാണ് ‘ടീം യുഡിഎഫി’ലെ അണികൾ.

പൊട്ടിത്തെറിയുടെ കനൽ ഇതാ ലീ​ഗിലും പുകയാൻ തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി ആരെന്ന ജനങ്ങളുടെ ചോദ്യം ഭയന്ന് പുറത്തുപോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നാണ് ലീ​ഗ് പറയുന്നത്. നേരത്തെ മാത്യു കുഴൽനാടന്റെ പ്രതികരണത്തിൽ തന്നെ ലീ​ഗ് അസ്വസ്ഥമാണ്. കോൺ​ഗ്രസിന്റെ കാര്യത്തിൽ ലീ​ഗ് ഇടപെടേണ്ടെന്നാണ് മാത്യു കുഴൽനാടൻ പറഞ്ഞത്.ഇഷ്ടക്കാർ തമ്മിൽ ഇപ്പോൾ അത്ര രസത്തിലല്ല. കുഴൽനാടന്റെ കുഴലൂത്ത് ലീ​ഗിനോട് വേണ്ടെന്നും പറഞ്ഞ് അവർ ഫ്ലക്സും വച്ചു. കുഴൽനാടന് വേണ്ടി ഇലക്ഷന് വെച്ച ഫ്ലക് വലിച്ച് ​ദൂരേക്കും എറിഞ്ഞു.

ഇപ്പോൾ അതല്ല വിഷയം! കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അനിശ്ചിതമായി നീളുന്നതിൽ കടുത്ത അതൃപ്തിയിലാണ് മുസ്ലീം ലീഗ്. കോൺഗ്രസിലെ തർക്കങ്ങൾ തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ ശോഭ കെടുത്തിയെന്ന് ലീ​ഗിന് ഏറെക്കുറെ മനസിലായിക്കഴിഞ്ഞു. പ്രവർത്തകർ നിരാശയിലാണെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിട്ടുണ്ട്. അതായത് കോൺഗ്രസിലെ കലഹം യുഡിഎഫിലേക്ക് എത്തിയെന്ന് സാരം.വി ഡി സതീശനുവേണ്ടി നേരത്തെ ലീ​ഗ് പരസ്യ നിലപാടെടുത്തിരുന്നു. ഇപ്പോൾ പക്ഷേ മുഖ്യമന്ത്രി ആരായാലും ഉടൻ തീരുമാനം വേണമെന്ന ആവശ്യത്തിലേക്ക് അവർ എത്തിയിട്ടുണ്ട്. സ്വീകരണം ഏറ്റുവാങ്ങേണ്ട എംഎൽഎമാർക്ക്‌ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്ന് തുറന്നടിച്ചത് ലീഗ്‌ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദാണ്.

ഭൂരിപക്ഷമുണ്ടെങ്കിൽ കോൺഗ്രസ്‌ എന്നാലങ്ങ് ഒറ്റയ്‌ക്ക്‌ ഭരിച്ചുകാണിച്ചേ എന്ന്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും വിരോധം പരസ്യമാക്കിയതാണ്. ഈ പോക്കാണെങ്കിൽ മറ്റു ഘടകകക്ഷി നേതാക്കളും അടുത്ത ദിവസങ്ങളിൽ പരസ്യപ്രതികരണവുമായി രം​ഗത്തെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button