Uncategorized

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വർണവില കുറഞ്ഞു

കൊച്ചി: സ്വർണം സംബന്ധിച്ച മോദിയുടെ പ്രസ്താവനക്ക് പിന്നാലെ കേരളത്തിൽ സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,945 രൂപയായാണ് കുറഞ്ഞത്. പവൻ്റെ വിലയിൽ 160 രൂപയുടെ കുറവുണ്ടായി. 1,11,560 രൂപയായാണ് പവന്റെ വില കുറഞ്ഞത്. രാജ്യാന്തര വിപണികളിലും ഇന്ന് സ്വർണവില ഇടിഞ്ഞിട്ടുണ്ട്.
സ്പോട്ട് ഗോൾഡ് നിരക്ക് 0.8 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,678.39 ഡോളറായി. യുഎസ് ഗോൾഡ് ഫ്യൂച്ചർനിരക്കിലും 0.9 ശതമാനത്തിൻ്റെ ഇടിവുണ്ടായി. വില 4,486.20 ഡോളറായാണ് കുറഞ്ഞത്. ഡോളർ കൂടുതൽ കരുത്താർജിച്ചത് സ്വർണ ഇറക്കുമതി രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇറാൻ യുദ്ധം തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.
ഞായറാഴ്ച യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാന്റെ സമാധാനനിർദേശങ്ങൾ തള്ളിയിരുന്നു. ഇതിന് പിന്നാലെ എണ്ണവിപണിയിൽ വലിയ കുതിപ്പാണ് ഉണ്ടായത്. വരും ദിവസങ്ങളിലും എണ്ണവില ഉയരാൻ തന്നെയാണ് സാധ്യത. ഇത് വിവിധ രാജ്യങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന പണപ്പെരുപ്പം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

പണപ്പെരുപ്പം ഉയരുന്നതോടെ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്തും. ഇതോടെ ബാങ്കുകളുമായി ബന്ധപ്പെട്ട ബോണ്ട് ഉൾപ്പടെയുള്ള നിക്ഷേപങ്ങൾ കൂടുതൽ ആകർഷകമാവുകയും സ്വർണത്തോടുള്ള താൽപര്യം കുറയകയും ചെയ്യും. ഇത് സ്വർണവിലയെ വലിയ രീതിയിൽ തന്നെ വരും ദിവസങ്ങളിലും സ്വാധീനിക്കും.
രാജ്യത്തെ വിദേശനാണ്യം സംരക്ഷിക്കാൻ ആളുകൾ ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്നായിരുന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെ പ്രമുഖ ജ്വല്ലറികളുടെ ഓഹരികളിൽ ഉൾപ്പടെ ഇടിവുണ്ടായിരുന്നു.
ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നഷ്ടത്തോടെയാണ് വ്യപാരം തുടങ്ങിയത്. ബോംബെ സൂചിക സെൻസെക്സ‌ിൽ 1,000 പോയിന്റ് നഷ്ടം നേരിട്ടപ്പോൾ ദേശീയ സൂചിക നിഫ്റ്റി 23,900 പോയിൻ്റിന് താഴെ പോയി.

എണ്ണവില വർധനവും മോദിയുടെ പ്രതികരണങ്ങളുമാണ് വിപണിയെ നെഗറ്റീവായി സ്വാധീനിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button