Uncategorized

ജന ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തിയെ മുഖ്യമന്ത്രി ആക്കണം’; വി ഡി സതീശനെ പിന്തുണച്ച് ലത്തീന്‍ സഭ

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾക്കിടെ മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് ലത്തീന്‍ സഭ. ജന ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തിയെ മുഖ്യമന്ത്രി ആക്കണമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ഏതെങ്കിലും കൂടാരങ്ങളില്‍ നടക്കുന്ന ചര്‍ച്ചയല്ല വേണ്ടതെന്നും പൊതുമനസ് എന്താണെന്ന് തിരിച്ചറിയണമെന്നും യൂജിന്‍ പെരേര പറഞ്ഞു.

‘തെരഞ്ഞെടുപ്പ് വിജയകരമാക്കിയ നേതാക്കളുണ്ട്, അവരെ തന്നെ മുഖ്യമന്ത്രിയാക്കണം. മന്ത്രിസഭയില്‍ ലത്തീന്‍ പ്രാതിനിധ്യം വേണം. വിഴിഞ്ഞത്ത് എടുത്ത 38 കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. പിതാക്കന്മാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും എതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചില്ല’, യൂജിന്‍ പെരേര പറഞ്ഞു. സിപിഐഎമ്മിന് അവരുടെ കോട്ടകളില്‍ വിള്ളല്‍ സംഭവിച്ചെന്നും പാര്‍ട്ടി തിരുത്തണമെന്നും യൂജിന്‍ പെരേര പറഞ്ഞു. ആത്മാര്‍ത്ഥതയോടെ പാര്‍ട്ടി പുന പരിശോധിക്കണമെന്നും വേണ്ട രംഗങ്ങളില്‍ തിരുത്തല്‍ വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗ് പിന്തുണയും വി ഡി സതീശനെന്നാണ് സൂചന. വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നേടിയത് മികച്ച വിജയമാണെന്നും അഞ്ചുവര്‍ഷം അദ്ദേഹം ഭംഗിയായി ഉത്തരവാദിത്തം നിറവേറ്റിയെന്നും മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ഹൈക്കമാന്‍ഡ് ആണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതും ഹൈക്കമാന്‍ഡ് ആണ്. മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളോട് ചര്‍ച്ച ചെയ്താവും ആ തീരുമാനം എടുക്കുക. മുസ്ലിം ലീഗിനോടും ആലോചിച്ചാവും തീരുമാനിക്കുകയെന്ന് വിശ്വസിക്കുന്നുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
യുഡിഎഫ് മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയോടൊപ്പം മന്ത്രിമാരായി പുതുമുഖങ്ങളും ഉണ്ടാകും. മുസ്‌ലിം ലീഗിന് ഇഷ്ടം പോലെ പുതുമുഖങ്ങള്‍ ഉണ്ട്. അവരെയായിരിക്കും പരിഗണിക്കേണ്ടി വരികയെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button