തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഗവർണറോട് സാവകാശം തേടി വിജയ്; 118 എന്ന മാന്ത്രിക സംഖ്യ തൊടാനാകുമോ? സാധ്യത എങ്ങനെ?

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെയുടെ അപ്രതീക്ഷിത മുന്നേറ്റത്തിന് പിന്നാലെ സർക്കാരുണ്ടാക്കാൻ വിജയ്‌യുടെ നീക്കം. 108 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും ടിവികെയ്ക്ക് 118 എന്ന മാന്ത്രിക സംഖ്യ തൊടാനായിട്ടില്ല. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 10 സീറ്റ് അകലമുള്ള സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ വിജയ് ചടുലമായ നീക്കത്തിലാണ്.
അതേസമയം, സർക്കാർ രൂപീകരണ ചർച്ചകൾ ടിവികെയിൽ സജീവമാണ്. സർക്കാർ രൂപീകരിക്കാൻ സാവകാശം തേടി വിജയ് ഗവർണർക്ക് കത്തയച്ചിട്ടുണ്ട്. കോൺഗ്രസിൻ്റേയും ചെറുപാർട്ടികളുടെയും പിന്തുണ ടിവികെ തേടും. ചെന്നൈയിൽ ഇന്ന് നിർണായക യോഗം ചേരാൻ വിജയ് തീരുമാനിച്ചിട്ടുണ്ട്. വിജയിച്ച സ്ഥാനാർഥികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.സിപിഐഎം നേതൃത്വവുമായടക്കം വിജയ് ബന്ധപ്പെട്ടിട്ടുണ്ട്. എം.കെ. സ്റ്റാലിന്‍റെ ഡിഎംകെ സഖ്യത്തിൽ മത്സരിച്ച് ജയിച്ച രണ്ട് എംഎൽഎമാരുള്ള സിപിഐഎമ്മിനെ ഒപ്പം നിർത്താനാണ് ടിവികെയുടെ ശ്രമം. എന്നാൽ ഇക്കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചേ മുന്നോട്ട് പോകൂ എന്നുമാണ് സിപിഐഎം വൃത്തങ്ങൾ നൽകുന്ന സൂചന.
പദ്മനാഭപുരം, കീഴ്‌വേലൂർ എന്നീ സീറ്റുകളിലാണ് തമിഴ്‌നാട്ടിൽ സിപിഐഎം വിജയിച്ചത്. സിപിഐഎമ്മിനൊപ്പം മറ്റുള്ളവരെയും വിജയ് ബന്ധപ്പെടുന്നതായാണ് വിവരം.




