Uncategorized

പൂരം നടത്തിപ്പിൽ അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രിമാർ; സർക്കാർ തീരുമാനം അംഗീകരിക്കുമെന്ന് ഭാരവാഹികൾ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പ് സംബന്ധിച്ച് ചർച്ച ഉയരുന്നു. പൂരം നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് സുരേഷ് ഗോപി എംപി അറിയിച്ചു. വീഴ്ച സംഭവിച്ചോ എന്ന് അന്വേഷിക്കണം. ദേവസ്വം മന്ത്രിയും മറ്റു ബന്ധപ്പെട്ടവരും ചെയ്തു ഇന്നോ നാളെ ചർച്ച നടത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ ടെസ്റ്റ് വേഗത്തിൽ നടത്തുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. 5 മൃതദേഹത്തിൻ്റെ പോസ്റ്റ് മോർട്ടം കഴിഞ്ഞു. അതിൽ 3 മൃതദേഹങ്ങൾ വിട്ട് കൊടുത്തിട്ടുണ്ട്. 11 ബോഡി പാർട്ട് ഓട്ടോപ്സി ചെയ്തു. 15 ബോഡി പാർട്ട് ഓട്ടോപ്സി ചെയ്യാനുണ്ടെന്നും കെ. രാജൻ പറഞ്ഞു.കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ള മെഡിക്കൽ കോളജ് സംവിധാനം കേന്ദ്രീകരിച്ചിട്ടുണ്ട്. നാല് സ്ഥലത്ത് കൺട്രോൾ റൂം ആരംഭിച്ചു. ധനസഹായം കാബിനറ്റ് ഇന്ന് തീരുമാനിക്കും. രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്നുള്ള സംഘം തൃശൂരിൽ എത്തിയെന്നും കെ. രാജൻ വ്യക്തമാക്കി.

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നാളെ 10.30 ന് എല്ലാവരും ചേർന്ന് അവലോകന യോഗം ചേരുമെന്നും, അന്തിമ തീരുമാനം എടുക്കുമെന്നും ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി തന്നിട്ടുണ്ട്. ഭാവിയിൽ ഇത്തരം ദുരന്തം ഉണ്ടാകാതിരിക്കാൻ എന്ത് വേണമെന്ന് എല്ലാവരുമായി കൂടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചുഇന്നത്തെ പരിശോധന കഴിഞ്ഞ ശേഷമേ, മരണസംഖ്യ കൃത്യമായി അറിയാൻ സാധിക്കുകയുള്ളൂ. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. 10 പേർ ഐസിയുവിലാണ്. ചിലരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെൻ്റിലേറ്ററിൽ തുടരുന്നു എന്നും വി.എൻ. വാസവൻ പറഞ്ഞു.

പൂരം ചടങ്ങുകളോടെ നടത്തണമെന്ന് പറഞ്ഞാൽ ആചാരവും ജനങ്ങളുടെ വികാരവും കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് അറിയിച്ചു. സർക്കാർ തീരുമാനം എന്തുതന്നെ ആയാലും അംഗീകരിക്കും. തിരുവമ്പാടി ദേവസ്വം അധികൃതരുമായി ഇന്നലെ സംസാരിച്ചിരുന്നു എന്നും രാജേഷ് വ്യക്തമാക്കി..തിരുവമ്പാടി ദേവസ്വത്തിലുള്ളവരും അപകടത്തിൽ പെട്ടെന്ന് സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു. ആഘോഷ കമ്മിറ്റിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുകളാണ് മുണ്ടത്തിക്കോട് എത്തിയത്. അതിൽ ഒരാളുടെ മരണം സ്ഥിരീകരിച്ചെന്നും ദേവസ്വം സെക്രട്ടറി അറിയിച്ചു. സർക്കാർ എന്ത് തീരുമാനമെടുത്താലും അംഗീകരിച്ചു മുന്നോട്ട് പോകും. ദേശത്തെ ആളുകളുമായി ചർച്ച നടത്തും. മറ്റുകാര്യങ്ങൾ ഒന്നും ചർച്ച ചെയ്യാൻ സമയം കിട്ടിയിട്ടില്ലെന്നും ഗിരീഷ് കുമാർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button