Uncategorized

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ പതിനാല് ഉദ്യോഗസ്ഥ‍ർക്ക് പിടിവീണു. കെട്ടിട നിർമാണത്തിനെന്ന പേരിൽ അനുമതി വാങ്ങി വൻ തോതിൽ മണ്ണ് കടത്തുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

വിജിലൻസിന്‍റെ ഓപ്പറേഷൻ എർത്ത് ഗാർഡിലാണ് വൻ ക്രമക്കേടും അഴിമതിയും കണ്ടെത്തിയത്. സംസ്ഥാനത്തെ 72 ഓഫീസുകളിലും മണ്ണ് നീക്കം ചെയ്യാൻ അനുമതി നൽകിയ 360 സ്ഥലങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. മൈനിങ് ആന്‍റ് ജിയോളജി വകുപ്പിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെ പതിനാല് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തി. 4.69 ലക്ഷം രൂപയാണ് മണ്ണ് ഇടപാടുകാരിൽ നിന്നും അപേക്ഷകരിൽ നിന്നും ഇവർ യുപിഐ മുഖേന കൈപ്പറ്റിയത്. ക്ലർക്ക്, ടെക്നിക്കൽ അസിസ്റ്റന്‍റ്, മിനറൽ റവന്യൂ ഇൻസ്പെക്ടർ, പഞ്ചായത്ത് സെക്രട്ടറി മുതൽ ഡ്രൈവർമാർ വരെ കൈക്കൂലി വാങ്ങുന്നു. അനുവദിച്ചതിലും കൂടുതൽ അളവിലാണ് പലയിടത്തും മണ്ണെടുത്തത്. കെട്ടിട നിർമാണത്തിന്‍റെ മറവിൽ മാഫിയ സംഘങ്ങൾ കുന്നുകളിടിച്ച് വൻ തോതിൽ മണ്ണ് കടത്തുന്നുവെന്നാണ് കണ്ടെത്തൽ. കെട്ടിടം നിർമിക്കാൻ മണ്ണെടുക്കാൻ അനുമതി വാങ്ങിയാൽ ഒരു വർഷത്തിനുള്ളിൽ കെട്ടിടം പണിയണമെന്നുണ്ട്. ഈ ചട്ടവും പാലിക്കുന്നില്ല. വീട് വയ്ക്കാൻ പെർമിറ്റ് സ്വന്തമാക്കിയ ശേഷം വൻ തോതിൽ മണ്ണ് നീക്കം ചെയ്ത് പ്ലോട്ടുകളാക്കി വിൽപ്പന നടത്തുന്നുവെന്നും വിജിലൻസ് കണ്ടെത്തി. ഡെവലപ്മെന്‍റ് പെർമിറ്റുകളുടെ മറവിലും മണ്ണ് കടത്തുന്നുണ്ട്.

കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ നിയമലംഘനങ്ങൾക്ക് കണ്ണടയ്ക്കുമ്പോൾ സർക്കാരിന് വൻ നഷ്ടമാണ് ഉണ്ടാവുന്നത്. ചട്ടം പാലിക്കാതെ മണ്ണ് നീക്കം കണ്ടെത്തിയ സ്ഥലങ്ങളിൽ പിഴ ഈടാക്കാൻ വസ്തു ഉടമകൾക്ക് നോട്ടീസ് നൽകും. റോയൽറ്റിയുടെ അഞ്ചിരട്ടിയോളം ഈടാക്കും. ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും പരിശോധന തുടരാനുമാണ് വിജിലൻസ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button