Uncategorized

കോടാലിയില്‍ കുട്ടി പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീടിന്റെ പരിസരത്ത് തീയിട്ട് വനംവകുപ്പ്

തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് തീയിട്ടു. പാമ്പിനെ തുരത്താനാണ് തീയീട്ടത്. പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൃതദേഹം ഇന്നലെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ വീണ്ടും പാമ്പിനെ കണ്ടിരുന്നു.

ഇതേത്തുടര്‍ന്നാണ് പരിസരത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തീയിട്ടത്. ഇനിയും പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. വനത്തോടു ചേര്‍ന്ന ഒറ്റനില വീട്ടില്‍വെച്ചാണ് കുട്ടിയ്ക്ക് പാമ്പു കടിയേറ്റത്.

തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ രണ്ടു മക്കള്‍ക്കാണ് കിടപ്പുമുറിയില്‍ വെച്ച് തലയിണയ്ക്കുള്ളിലായിരുന്ന പാമ്പുകടിച്ചത്. അല്‍ജോയ്ക്കും സഹോദരന്‍ അനോഷിനും പാമ്പിന്റെ കടിയേറ്റിരുന്നു. അനോഷ് ചികിത്സയിലാണ്.അല്‍ജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. രാത്രി ചൂട് കൂടിയത് കാരണം വീടിന്റെ ഹാളിലാണ് കിടന്നുറങ്ങിയത്. പിന്നീട് അമ്മയും രണ്ടു മക്കളും അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറിക്കിടന്നു. രാത്രി രണ്ട് മണിയോടെ കുട്ടികള്‍ക്ക് വയറ് വേദനിക്കുന്നു എന്ന് പറഞ്ഞ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു.

വൈകിട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങി എത്തിയ ശേഷം കുട്ടികള്‍ ജ്യൂസ് കഴിച്ചിരുന്നു. അതിനാലാകാം വയറുവേദന എന്ന് കരുതി ജീരകവെള്ളം തിളപ്പിച്ച് നല്‍കി. പിന്നീട് പുലര്‍ച്ചെ 5.30 ഓടെ രണ്ട് കുട്ടികളുടെയും വായില്‍ നിന്ന് നുരയും പതയും വരുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ കുട്ടികളുടെ പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. ഭക്ഷ്യ വിഷബാധയല്ലെന്ന് ഡോക്ടര്‍ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റു എന്ന് തിരിച്ചറിഞ്ഞത്. വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയപ്പോള്‍ കുട്ടികള്‍ കിടന്നുറങ്ങിയ മുറിയില്‍ നിന്നും ഹാളിന്റെ പരിസരത്തേക്ക് പാമ്പ് ഇഴഞ്ഞു വരുന്നതാണ് കണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button