Uncategorized

മരണത്തിൽ അസ്വാഭാവികതയെന്ന് പരാതി; ചെങ്ങന്നൂർ പുലിയൂരിൽ മരിച്ച യേശുദാസിന്റെ മൃതദേഹം ഇന്ന് പുറത്തെടുക്കും

ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂരിൽ മരിച്ച യേശുദാസിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന പരാതിയെത്തുടർന്ന്, സംസ്‌കരിച്ച മൃതദേഹം ഇന്ന് പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം ചെയ്യും. മാർച്ച് 20നാണ് യേശുദാസ് മരണപ്പെട്ടത്. കഴിഞ്ഞ മാർച്ച് 24ന് പുലിയൂർ ഓർത്തഡോക്സസ് പള്ളിയിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്‌തു. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് മരുമകൾ ലീന ബിൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആർഡിഒ ആണ് ഇപ്പോൾ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ഉത്തരവിട്ടത്. ആർഡിഒയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും നടപടികൾ പൂർത്തിയാക്കുക.
മരണദിവസം യേശുദാസിനെ പരിചരിച്ചിരുന്ന ഹോം നേഴ്സ് നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെ അദ്ദേഹം ബോധരഹിതനാവുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയുമായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു. പിതാവിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും, ശരീരത്തിൽ വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും മരുമകൾ ലീന ബിൻസ് ആവശ്യപ്പെട്ടു. മൃതദേഹം പൂർണമായി അഴുകുന്നതിന് മുൻപ് ശാസ്ത്രീയ പരിശോധന നടത്തി മരണകാരണം വ്യക്തമാക്കണമെന്നാണ് പരാതിക്കാരിയുടെ പ്രധാന ആവശ്യം.
മരണത്തിലെ ദുരൂഹതയ്ക്ക് പുറമെ, സ്വത്ത് തട്ടിയെടുക്കാൻ ബോധപൂർവമായ ശ്രമം നടന്നതായും ലീന ആരോപിക്കുന്നുണ്ട്. യേശുദാസിന്റെ സഹോദരൻ ഗബ്രിയേലും ഹോം നേഴ്സും ചേർന്ന് ബാങ്ക് പാസ് ബുക്കും മറ്റ് പ്രധാന രേഖകളും കൈക്കലാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായുള്ള റീ പോസ്റ്റ്മോർട്ടം നടപടികളിലേക്ക് പൊലീസ് ഉദ്യോഗസ്ഥരും റവന്യൂ അധികൃതരും നീങ്ങുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button