Uncategorized

നിതിൻരാജ് ജീവനൊടുക്കിയത് അധ്യാപിക പരാതി എഴുതിത്തുടങ്ങിയപ്പോൾ, ജാതിവിവേചനമില്ല-കോളേജിന്റെ വിശദീകരണം

അഞ്ചരക്കണ്ടി(കണ്ണൂർ): ലോൺ ആപ്പുമായി ബന്ധപ്പെട്ട് സൈബർസെല്ലിന് നൽകാനായി അധ്യാപിക പരാതി എഴുതിത്തുടങ്ങിയപ്പോഴാണ് കണ്ണൂർ ഡെന്റൽ കോളേജിലെ ബി.ഡി.എസ്. വിദ്യാർഥി നിതിൻ രാജ് പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് പുറത്തുപോയതും കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് ചാടിയതുമെന്ന് കോളേജ് അധികൃതർ. ഇതിൽ സ്ഥാപനത്തിലെ ആർക്കും പങ്കില്ലെന്നും അഞ്ചരക്കണ്ടി ഇന്റഗ്രേറ്റഡ് കാമ്പസ് ഉടമകളായ പ്രസ്റ്റിജ് എജുക്കേഷണൽ ട്രസ്റ്റ് മെഡിക്കൽ ഡയറക്ടർ ഡോ. പി.അദ്‌നാൻ സിദ്ദിഖ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. നിതിൻ രാജിൻ്റെ ആത്മഹത്യക്ക് കാരണം ജാതിവിവേചനമാണെന്ന പ്രചാരണം ശരിയല്ലെന്നും ട്രസ്റ്റ് വിശദീകരിക്കുന്നു.

നിതിൻ രാജ് എടുത്ത വായ്‌പയുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിലെ അധ്യാപികയ്ക്ക് സന്ദേശങ്ങളും ഫോൺവിളിയും വരുന്നതിനെക്കുറിച്ചുള്ള പരാതി അന്വേഷിക്കാനാണ് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിപ്പിച്ചത്. ബന്ധുക്കളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടക്കാതിരുന്നപ്പോഴാണ് റഫറൻസ് ലിസ്റ്റിൽനിന്ന് അധ്യാപികയുടെ പേര് മാറ്റാൻ ആവശ്യപ്പെട്ടത്. അത് പറ്റില്ലെന്ന് അറിയിച്ചപ്പോഴാണ് സൈബർസെല്ലിൽ പരാതി നൽകാൻ നടപടി സ്വീകരിച്ചത്.
അതല്ലാതെ മറ്റ്പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു.
വായ്‌പയുമായി ബന്ധപ്പെട്ട കാര്യത്തിൽ വിളിപ്പിച്ചത് മുതൽ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ മുകളിലേക്ക് നിതിൻ രാജ് കയറിപ്പോകുന്നതുവരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിനെ ഏൽപ്പിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും ട്രസ്റ്റ് വ്യക്തമാക്കി. കോളേജിൻ്റെ പുറത്ത് നടന്ന ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിതിൻ രാജിനെതിരായി മുൻപ് ചില നടപടികൾ വന്നപ്പോൾ പരമാവധി സഹായിക്കാനാണ് കോളേജ് ശ്രമിച്ചത്. പ്രശ്‌നങ്ങൾ ഗുരുതരസ്വഭാവമുള്ളവ ആയതിനാൽ രക്ഷിതാവിനെ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയശേഷം ആവശ്യമായ കൗൺസലിങ് നൽകാമെന്ന് ഉറപ്പ് വാങ്ങിയാണ് അച്ഛൻ്റെ കൂടെ അയച്ചതെന്നും കുറിപ്പിൽ പറയുന്നു.
.

ഭൂമി കൈയേറിയിട്ടില്ല

ഡെന്റൽ കോളേജും മറ്റ് സ്ഥാപനങ്ങളും നിലനിൽക്കുന്ന ഭൂമി കൈയേറി കൈവശപ്പെടുത്തിയതാണെന്നും സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവായെന്നുമുള്ള വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് കുറിപ്പിൽ പറയുന്നു. ഭൂമി സംബന്ധിച്ച് യാതൊരു ഉത്തരവും കോടതികളോ മറ്റ് അധികാരസ്ഥാപനങ്ങളോ പുറപ്പെടുവിച്ചിട്ടില്ല.

നിതിൻ രാജിൻ്റെ മരണത്തെത്തുടർന്ന് സ്ഥാപനത്തിനും മാനേജ്‌മെൻ്റിനുമെതിരായി അതിരൂക്ഷമായ മാധ്യമവിചാരണയുണ്ടാകുകയും കുടുംബാംഗങ്ങൾ തെറ്റിദ്ധരിക്കുകയും ചെയ്‌തതിനാലാണ് വീട് സന്ദർശിക്കാൻ പറ്റാത്തതെന്നും അധികൃതർ വ്യക്തമാക്കുന്നു.
കോളേജ് അധികൃതർ നീതിപുലർത്തുന്നില്ലെന്ന് രക്ഷിതാക്കൾ

നെടുമങ്ങാട്: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ കോളേജ് അധികൃതർ നീതിപുലർത്തുന്നില്ലെന്ന് കുടുംബം. കോളേജ് അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ സത്യത്തിന്റെ കണികപോലുമില്ലെന്ന് മാതാപിതാക്കളായ രാജനും ലതയും സഹോദരീഭർത്താവ് അശോകനും പറഞ്ഞു. നീചമായ ജാതിവെറി മറച്ചുവെക്കാൻ ലോൺ ആപ്പിനെ പ്രതിസ്ഥാനത്ത് നിർത്തുകയാണ് മാനേജ്മെന്റ്റ്. മരണം നടന്ന ദിവസംവരെ നിതിൻ വളരെ സന്തോഷവാനായിരുന്നു. അധ്യാപകരുടെ ക്രൂരപീഡനങ്ങൾ തങ്ങളെ അറിയിക്കാറുണ്ടായിരുന്നു.
മരണം നടന്ന് പത്തുദിവസം കഴിഞ്ഞിട്ടും പ്രതിസ്ഥാനത്ത് നിൽക്കുന്ന രണ്ട് അധ്യാപകരെയും അറസ്റ്റുചെയ്യാൻ പോലീസിനായിട്ടില്ല. അവർക്ക് ഒളിവിൽ താമസിക്കുന്നതിനുള്ള ഒത്താശകൾ ചെയ്‌തുകൊടുക്കുന്നു. അടുത്തദിവസം മുൻകൂർ ജാമ്യാപേക്ഷയും പരിഗണിക്കുന്നുണ്ട്. കൺവെട്ടത്തുള്ള അധ്യാപകരെ അറസ്റ്റുചെയ്യാൻ കഴിയാത്ത പോലീസാണ് നോയ്‌ഡയിൽനിന്ന് ലോൺ ആപ്പിലെ മൂന്ന് പ്രതികളെ അറസ്റ്റുചെയ്തത്. ഇതിൽത്തന്നെ കള്ളത്തരങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ജാതിയും പണവും പറഞ്ഞ് പീഡനമേറ്റ് മരിക്കേണ്ടിവന്ന മകന്റെ ആത്മാവിനു ശാന്തികിട്ടണമെങ്കിൽ ഈ കൊടും ക്രിമിനലുകളെ അറസ്റ്റുചെയ്യണം-രക്ഷിതാക്കൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button