നെട്ടയത്ത് ബിജെപി-സിപിഐഎം പ്രവര്‍ത്തകർ തമ്മില്‍ ഏറ്റുമുട്ടി; കല്ലേറില്‍ പൊലീസുകാരന് പരിക്ക്

തിരുവനന്തപുരം: നെട്ടയത്ത് ബിജെപി-സിപിഐഎം പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി. പ്രദേശവാസികളായ രണ്ട് പാര്‍ട്ടിയിലുള്ളവര്‍ തമ്മിലുള്ള വഴിത്തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. കല്ലേറിൽ പൊലീസിന് പരിക്കേറ്റു. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.
വ്യക്തിപരമായ വിഷയമായിരുന്നുവെന്നും ബിജെപി അതേറ്റെടുത്ത് രാഷ്ട്രീയ വത്കരിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ഉച്ച മുതല്‍ പ്രദേശത്ത് സംഘര്‍ഷഭരിതമായ സാഹചര്യമായിരുന്നു. രാത്രിയോടെ പ്രശ്‌നം മൂര്‍ച്ഛിക്കുകയായിരുന്നു.
എന്നാൽ ബിജെപി പ്രവർത്തകന്റെ ഭാര്യയോട് സിപിഐഎം പ്രവർത്തകൻ മോശമായി പെരുമാറിയെന്നും പൊലീസ് ഏകപക്ഷീയമായി ബിജെപി-ആർഎസ്എസ് പ്രവർത്തകരെ മർദ്ദിച്ചുവെന്നുമാണ് അവർ ഉന്നയിക്കുന്ന ആരോപണം. വസ്‌തു തർക്കമല്ല, രാഷ്‌ട്രീയ വിഷയമാണെന്നും തങ്ങളുടെ നാല് പ്രവർത്തകർക്ക് പരിക്കുണ്ടെന്നും ബിജെപി ആരോപിച്ചു.
വിഷയം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെയും പ്രതിഷേധമുണ്ടായി. വനിതാമാധ്യമ പ്രവർത്തകയെ ഉൾപ്പെടെ കയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായി.




