നാടിനെ മുന്നോട്ട് നയിക്കാനുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിൽ നയപ്രഖ്യാപനം പരാജയപ്പെട്ടു: ജോർജ് ജോസഫ്

പുതുതായി അധികാരത്തിലെത്തിയ ഒരു സർക്കാർ നാടിനെ മുന്നോട്ട് നയിക്കാനുള്ള കാഴ്ചപ്പാടുകളാണ് മുന്നോട്ട് വയ്ക്കേണ്ടുന്നത്. എന്നാൽ അതിൽ നയപ്രഖ്യാപനം പരാജയപ്പെട്ടുവെന്ന് സാമ്പത്തിക വിദഗ്ധനും മാധ്യമപ്രവർത്തകനുമായ ജോർജ് ജോസഫ്. ഇന്ന് സർക്കാർ മുന്നോട്ട് വച്ച നയങ്ങൾ കേരളത്തിന് ഒരു പുതിയ ദിശാ ബോധം നൽകുന്നതല്ല.
സംസ്ഥാനത്തിൻ്റെ സാമ്പത്തിക ശേഷി മെച്ചപ്പെടുത്തുന്നതിനോ പദ്ധതികൾ നടപ്പിലാക്കുന്നതിനോ വേണ്ടുന്ന ഒരു പ്രഖ്യാപനങ്ങളും ഉണ്ടായിട്ടില്ല. മുന്നേ നടത്തിവരുകയായിരുന്ന വികസനപദ്ധതികളുടെ മുന്നോട്ട് പോക്കിനെപ്പറ്റിയും സർക്കാർ നയപ്രഖ്യാപനത്തിൽ ഒന്നും പറഞ്ഞിട്ടില്ല. ക്ഷേമപ്രവർത്തനങ്ങൾക്കും വികസനത്തിനുമുള്ള ഫണ്ട് എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കഴിഞ്ഞ പത്ത് വർഷത്തെ വികസന പ്രവർത്തനങ്ങളിൽ നിന്നും വേറിട്ട ഒരു കാഴ്ചപ്പാട് മുന്നോട്ട് വെയ്ക്കാനും തയ്യാറായില്ല.തനത് വരുമാനം വർധിപ്പിക്കുകയെന്നത് എങ്ങനെയെന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. നികുതി വരുമാനം വർധിപ്പിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ നികുതിയേതര വരുമാനം എങ്ങനെ ഉണ്ടാക്കുമെന്നതിൽ വ്യക്തത വരുത്താൻ നയപ്രഖ്യാപനത്തിലൂടെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.




