Uncategorized

ആറളം പുനരധിവാസ മേഖലയില്‍ കാട്ടാന വീണ്ടും കുടില്‍ തകർത്തു. വീട്ടില്‍ അന്തിയുറങ്ങിയ മൂന്നുപേർ ആനയുടെ പിടിയില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഇരിട്ടി :ബ്ലോക്ക് ഒൻപത് പൂക്കുണ്ടിലെ ഓമന ബാബുവിന്റെ പുരയിടത്തിലെ ഷെഡ് ആണ് ആന തകർത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.45 ഓടെയായിരുന്നു ആനയുടെ ആക്രമണം.

ശബ്ദംകേട്ട് വളർത്തുനായ കുരച്ച്‌ ബഹളം വച്ചതോടെ ഓടിയടുത്ത ആന കുടിലിനു നേരേ ആക്രമണം നടത്തുകയായിരുന്നു. ഇതിനിടയില്‍ വീട്ടുകാരും ഉണർന്നു.

കുടിലിന് പിറകുവശം തകർക്കുന്നതിനിടയില്‍ ഷെഡിലെ താമസക്കാരായ അമ്മിണിയും മറ്റ് കുടുംബാംഗങ്ങളും മുൻഭാഗത്തുകുടി പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഓമനയുടെ ബന്ധുക്കളായ അമ്മിണി, മഹേഷ്, അമ്മു എന്നിവരാണ് ഷെഡില്‍ ഉണ്ടായിരുന്നത്.

അമ്മിണിക്ക് ഒമ്ബതാം ബ്ലോക്കില്‍ സ്വന്തമായി സ്ഥലവും വീടും ഉണ്ടെങ്കിലും കാട്ടാന ശല്യം രൂക്ഷമാണ്.

സമീപ വീടുകളില്‍ താമസക്കാർ ഇല്ലാത്തതോടെ മേഖലയില്‍ തനിച്ചായ അമ്മിണി ബന്ധുവായ ഓമന ബാബുവിന്റെ പുരയിടത്തില്‍ കുടില്‍കെട്ടി കഴിയുകയായിരുന്നു. സമാനമായ അപകടകരമായ സാഹചര്യത്തില്‍ കഴിയുന്ന നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കാനുള്ള നടപടിയും ഉണ്ടായിച്ചില്ല.

*ഒരു വർഷത്തിനിടെ തകർത്ത പത്താമത്തെ കുടില്‍*

15 ജീവിതങ്ങള്‍ കാട്ടാനയ്ക്ക് മുന്നില്‍ പൊലിഞ്ഞ പുനരധിവാസ മേഖലയില്‍ ഒരു വർഷത്തിനിടെ പത്താമത്തെ കുടിലാണ് കാട്ടാന തകർക്കുന്നത്. ഈ കുടിലുകളിലുള്ളവരെല്ലാം ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുകയാണ്. കഴിഞ്ഞ ദിവസം വനാതിർത്തിയിലുണ്ടായ തീപിടിത്തത്തില്‍ സോളാർ തൂക്കുവേലി ഭാഗികമായി നശിച്ചിരുന്നു.

പുനരധിവാസ മേഖലയിലും ഫാമിലുമായി കശുവണ്ടി സീസണ്‍ ആരംഭിച്ചതിനാല്‍ ഭക്ഷണത്തിനും ക്ഷാമമില്ല. കൂടാതെ ചക്ക, മാമ്ബഴ സീണണും കൂടിയായതോടെ മേഖലയില്‍ ആന ശല്യം വർധിച്ചിരിക്കുകയാണ്. കൂടാതെ, വ്യാജ ചാരായ നിർമാണവും ചില മേഖലകളില്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്.

വാഷിന്റെ മണം പിടിച്ച്‌ കട്ടാനകള്‍ എത്തുന്നതും കുടുതല്‍ അപകടകരമാണ്. ഫാമിലും പുരധിവാസ മേഖലയിലുമായി പത്തിലധികം ആനകളുണ്ടെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍, ഇതിന്റെ ഇരട്ടിയിലധികം വരുമെന്നാണ് ഫാം തൊഴിലാളികളും പുനരധിവാസ മേഖലയിലുള്ളവരും പറയുന്നത്. അവശേഷിക്കുന്ന ആനകളെക്കൂടി ഫാമില്‍ നിന്ന് തുരത്തുന്നതിനുള്ള ഓപ്പറേഷൻ ഗജമുക്തി വിഷു കഴിഞ്ഞതിനുശേഷം പുനഃരാരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button