Uncategorized

കൃഷ്ണലാലിന്റെ ഹൃദയം ഇനി അരുണില്‍ മിടിക്കും; ശസ്ത്രക്രിയ വിജയകരം

കോട്ടയം: തിരുവനന്തപുരത്ത് അപകടത്തില്‍ മരിച്ച കൃഷ്ണലാലിന്റെ ഹൃദയം ഇനി കുമരകം സ്വദേശി അരുണില്‍ മിടിക്കും. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. അതില്‍ ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലേക്കാണ് ദാനം ചെയ്തിരുന്നത്.

ആറ് പേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ചാണ് കൃഷ്ണലാല്‍ യാത്രയായത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൃഷ്ണലാലിന് മസ്തിഷ്‌കമരണം സംഭവിച്ചത്. ഹൃദയം കൂടാതെ രണ്ട് വൃക്കകള്‍, നേത്രപടലങ്ങള്‍, കരള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്.

ഒരുവാതില്‍കോട്ടയില്‍വെച്ച് ഏപ്രില്‍ ഒന്നാം തീയതി നടന്ന അപകടത്തിലാണ് വെല്‍ഡിംഗ് തൊഴിലാളിയായ കൃഷ്ണലാലിന് ഗുരുതരമായി പരിക്കേറ്റത്. മുപ്പത്തിമൂന്നുകാരനായ കൃഷ്ണലാല്‍ സഞ്ചരിച്ച സൈക്കിളില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയത് അമിതവേഗതയിലെത്തിയ വാഹനമാണ് എന്നാണ് വിവരം. കൃഷ്ണലാല്‍ സൈക്കിളില്‍ പോകവേ എതിര്‍ ദിശയില്‍ നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.

കാര്‍ ഡ്രൈവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കൃഷ്ണലാലിന്റെ സുഹൃത്ത് രംഗത്തെത്തി. കാര്‍ ഡ്രൈവര്‍ മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകടകാരണം എന്നാണ് സുഹൃത്ത് പറയുന്നത്. അശ്രദ്ധ കാരണം സുഹൃത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടെന്നും അപകടമുണ്ടാക്കിയ കാറില്‍ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയിട്ടുണ്ടെന്നും കൃഷ്ണലാലിന്റെ സുഹൃത്ത് ആരോപിച്ചു. പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതിയെ സംരക്ഷിക്കുന്ന നിലപാടുണ്ടായെന്നും അച്ഛന് ഭക്ഷണം വാങ്ങാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്നും സുഹൃത്ത് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button