ക്രൈമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നു; 29 മരണം

റഷ്യ 2014ൽ പിടിച്ചെടുത്ത ക്രൈമിയയിൽ റഷ്യൻ സൈന്യത്തിന്റെ ചരക്കുവിമാനം തകർന്നുവീണു. 23 യാത്രക്കാരും ആറ് വിമാനജീവനക്കാരും കൊല്ലപ്പെട്ടു. പ്രതിരോധമന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികളാണ് വിവരം പുറത്തുവിട്ടത്. ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന എഎൻ-26 വിമാനമാണ് ഇന്നലെ രാത്രി തകർന്നത്.
വൈകിട്ട് ആറുമണിയോടെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച യാത്രയിലായിരുന്നു വിമാനം. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രതിരോധവകുപ്പിൻ്റെ പ്രാഥമിക നിഗമനം. പുറമേ നിന്നുള്ള ഇടപെടലൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തലെന്നും ഇന്റർഫാക്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ക്രൈമിയയിലെ ചെങ്കുത്തായ പാറക്കെട്ടിലേക്ക് വിമാനം ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനവും മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമവും അതീവദുഷ്കരമായിരുന്നുവെന്ന് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സോവിയറ്റ് യൂണിയന്റെ കാലത്ത് ഡിസൈൻ ചെയ്ത് നിർമിച്ചതാണ് എ.എൻ-26 ചരക്കുവിമാനങ്ങൾ.




