Uncategorized

പെരമ്പല്ലൂരിൽ കാറിൽ കടത്തിയ രണ്ടരക്കോടിയോളം രൂപ പിടികൂടി; കുടുങ്ങിയത് ഡിഎംകെ നേതാക്കൾ

ചെന്നൈ: 2026ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി പെരമ്പല്ലൂരിൽ വൻ പണവേട്ട. തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2.44 കോടി രൂപയാണ് പിടിച്ചെടുത്തത്.പെരമ്പല്ലൂർ തഹസിൽദാർ പറയുന്നതനുസരിച്ച്, സെൻഗുണം ഗ്രാമത്തിലാണ് സംഭവം. എക്സൈസ് സൂപ്പർവൈസറി ഓഫീസർ പളനിസെൽവൻ്റെ നേതൃത്വത്തിലുള്ള ഫ്ലയിംഗ് സ്ക്വാഡ് പതിവ് വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയത്താണ് ഒരു കാറിന്റെ ഡിക്കിയിൽ അഞ്ച് കാർട്ടൺ പെട്ടികളിലായി 500 രൂപയുടെ കെട്ടുകൾ കണ്ടെത്തിയത്. ആകെ 2,44,97,500 രൂപയാണ് പിടിച്ചെടുത്തത്.

പ്രാഥമിക ചോദ്യം ചെയ്യലിൽ കാറിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഎംകെ ജില്ലാ കർഷക വിഭാഗം ഡെപ്യൂട്ടി ഓർഗനൈസറായ കീലപുലിയൂർ സ്വദേശി ജയരാമൻ, രാജേഷ് കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത പണം പെരമ്പല്ലൂർ അസംബ്ലി മണ്ഡലത്തിലെ ഇലക്ഷൻ ഓഫീസർ അനിതയ്ക്ക് കൈമാറി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. വോട്ടർമാർക്ക് വിതരണം ചെയ്യാനാണോ ഈ പണം കൊണ്ടുവന്നതെന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്.ഏപ്രിൽ 17ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കനുസരിച്ച്, തമിഴ്‌നാട്ടിൽ നിന്ന് 78 കോടി രൂപയും, 3 കോടി വിലമതിക്കുന്ന 97,107 ലിറ്റർ മദ്യവും, 74 കോടിയുടെ ലഹരിവസ്തുക്കളും, 105 കോടിയുടെ വിലപിടിപ്പുള്ള ലോഹങ്ങളും, 178 കോടിയുടെ മറ്റ് സൗജന്യങ്ങളും പിടിച്ചെടുത്തിരുന്നു.

തിരഞ്ഞെടുപ്പ് അക്രമരഹിതവും സുതാര്യവുമാക്കാൻ 2,283 ഫ്ലയിംഗ് സ്ക്വാഡ് ടീമുകളെയാണ് തമിഴ്‌നാട്ടിലുടനീളം വിന്യസിച്ചിരിക്കുന്നത്. പരാതികൾ ലഭിച്ചാൽ 100 മിനിറ്റിനുള്ളിൽ നടപടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഏപ്രിൽ 23ന് ഒറ്റ ഘട്ടമായാണ് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കുക. മെയ് 4നാണ് വോട്ടെണ്ണൽ. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യവും എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള എൻഡിഎയുമാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്. കോൺഗ്രസ്, ഡിഎംഡികെ, വിസികെ എന്നിവർ ഡിഎംകെ സഖ്യത്തിലും ബിജെപി, പിഎംകെ എന്നിവർ എഐഎഡിഎംകെ സഖ്യത്തിലുമുണ്ട്. നടൻ വിജയുടെ ടിവികെ കൂടി എത്തിയതോടെ മത്സരം ത്രികോണ പോരാട്ടമാകുമെന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button