Uncategorized

വനസംരക്ഷണത്തിന് കോടികള്‍, വന്യജീവി ആക്രമണ ഇരകള്‍ക്ക് നല്‍കാന്‍ പണമില്ല: യുഡിഎഫ്

തിരുവനന്തപുരം: വനസംരക്ഷണത്തിന് കോടികള്‍ വകയിരുത്തുന്ന കേരളത്തില്‍ കാടിറങ്ങുന്ന വന്യജീവികളുടെ ആക്രമണത്തില്‍പ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ വകയില്ല. 92 കോടി രൂപയുടെ നഷ്ടപരിഹാരത്തുകയാണ് ഇപ്പോഴും വിതരണം ചെയ്യാതെ കുടിശ്ശികയായി തുടരുന്നതെന്ന് യുഡിഎഫ് വിമര്‍ശിക്കുന്നു. മൂന്ന് വര്‍ഷത്തോളമായി നഷ്ടപരിഹാരത്തിന് കാത്തിരിക്കുന്ന കുടുംബങ്ങളുണ്ടെന്നാണ് ആരോപണം. ആയിരം രൂപ പോലും ഇനിയും ലഭിക്കാത്ത കുടുംബങ്ങളുണ്ടെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന് വനമേഖലയില്‍ നിന്ന് വര്‍ഷംതോറും 400 കോടിയിലധികം രൂപ വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍, അതേ വനപ്രദേശങ്ങളുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ചതെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ വന്യജീവി ആക്രമണങ്ങളില്‍ 1,100-ത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുഡിഎഫ് പറയുന്നു. എന്നാല്‍ ഇതിനെതിരെ കാര്യക്ഷമമായ പ്രതിരോധ സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ എല്‍ഡിഎഫിനായില്ലെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു. സോളാര്‍ ഫെന്‍സിംഗ് പോലുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിലും വലിയ പരാജയമാണ് സംഭവിച്ചതെന്ന് അവര്‍ വിമര്‍ശിക്കുന്നു.

വന്യജീവി ആക്രമണങ്ങള്‍ മാത്രമല്ല, പോക്‌സോ കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലുമുള്ള ഇരകള്‍ക്കും നഷ്ടപരിഹാരം നല്‍കാനുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എല്ലാം കൂടി 47 കോടി വരെ സഹായം വിതരണം ചെയ്യാനുണ്ടെന്ന് യുഡിഎഫ് പറയുന്നു. ഈ വിഷയത്തില്‍ ഹൈക്കോടതിയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച തുടര്‍ന്നാല്‍ ട്രഷറി അറ്റാച്ച് ചെയ്യേണ്ടിവരുമെന്നുവരെ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നതായി യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

ഒരു വശത്ത് ആഘോഷങ്ങള്‍ക്കും പരസ്യങ്ങള്‍ക്കുമായി ഫണ്ട് സുലഭമായി ചെലവഴിക്കുന്ന സര്‍ക്കാര്‍, മറുവശത്ത് ഇരകള്‍ക്ക് നല്‍കേണ്ട അടിസ്ഥാന സഹായങ്ങള്‍ പോലും വൈകിക്കുകയാണെന്ന് യുഡിഎഫ് വിമര്‍ശിക്കുന്നു. വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വന്യജീവി ആക്രമണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടങ്ങളില്‍ ജീവിക്കുന്നവര്‍ ജീവന്‍ മുറുകെപ്പിടിച്ചാണ് കഴിയുന്നതെന്ന് യുഡിഎഫ് വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button