Uncategorized

പുലർച്ചെ അച്ഛനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി, പിന്നാലെ മുങ്ങി; 4 വർഷമായി ഒളിവിലായിരുന്ന പ്രതി നാട്ടിലെത്തിയതും പിടിയിൽ

കാസർകോട് : സ്വന്തം പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ നാല് വർഷത്തിന് ശേഷം ആദൂർ പൊലീസ് പിടികൂടി. അഡൂർ ഗ്രാമത്തിലെ പാണ്ടി വെള്ളരിക്കയ സ്വദേശി നരേന്ദ്ര പ്രസാദിനെയാണ് ആദൂർ സബ് ഇൻസ്പെക്ടർ എം. സുജിലേഷും സംഘവും അറസ്റ്റ് ചെയ്തത്. 2022 ഏപ്രിൽ 5-ന് പുലർച്ചെ നാല് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാണ്ടി വെള്ളരിക്കയയിലെ വീട്ടിൽ വെച്ച് 57 വയസ്സുകാരനായ ബാലകൃഷ്ണ നായിക്കിനെ മകൻ നരേന്ദ്ര പ്രസാദ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

മർദ്ദനമേറ്റ ബാലകൃഷ്ണ നായിക്ക് മരണപ്പെട്ടതിനെ തുടർന്ന് ആദൂർ പൊലീസ് ക്രൈം നമ്പർ 291/2022 ആയി ഐ.പി.സി സെക്ഷൻ 302 (കൊലപാതകം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസിലെ കുറ്റപത്രം 2022 ജൂലൈ 31-ന് തന്നെ പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

വർഷങ്ങളായി ഒളിവിലായിരുന്ന പ്രതി കഴിഞ്ഞ ദിവസം പാണ്ടി വെള്ളരിക്കയയിലെ തന്റെ താമസസ്ഥലത്തിന് സമീപം എത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്ന് പ്രതിയെ പൊലീസ് സംഘം വലയിലാക്കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കാസർഗോഡ് ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button