ഇറാന്റെ കണ്ണീരൊപ്പാൻ ‘കുടുക്ക’ പൊട്ടിച്ച് കുരുന്നുകൾ; ആഭരണങ്ങളും പണവും നൽകി കശ്മീർ; ‘ഈ കാരുണ്യം മറക്കില്ലെ’ന്ന് എംബസി

28 വർഷം മുൻപ് മരിച്ചുപോയ ഭർത്താവിന്റെ ഓർമയ്ക്കായി സൂക്ഷിച്ചിരുന്ന സ്വർണം, കുഞ്ഞിക്കുടുക്കയിലെ സമ്പാദ്യവുമായെത്തിയ നാലുവയസുകാരി, വീട്ടിലെ വെള്ളി, പിച്ചള പാത്രങ്ങൾ ലേലത്തിൽ വച്ച് നാട്ടുകാർ… ഇറാനിലെ യുദ്ധക്കെടുതി അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ കശ്മീരിൽ നിന്ന് സംഭാവനകൾ പ്രവഹിക്കുകയാണ്. ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ധനശേഖരണത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യയിലെ ഇറാൻ എംബസിയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘ഹൃദയം നിറഞ്ഞ നന്ദിയോടെയാണ് ചെറുതും വലുതുമായ ഈ സംഭാവനകളത്രയും ഇറാൻ സ്വീകരിക്കുന്നത്. കശ്‌മീരിലെ ജനങ്ങളുടെ ഈ സ്നേഹവും മനുഷ്യത്വത്തിനും എന്ത് പകരം നൽകാനാണ്. ഈ ചേർത്തുപിടിക്കലും കരുണയും ഒരുകാലവും ഇറാൻ മറക്കില്ല, ഇന്ത്യയ്ക്ക് നന്ദി’- എന്നായിരുന്നും എംബസി എക്സിൽ കുറിച്ചത്.
ബാരാമുള്ള, ബുദ്ഗാം ജില്ലകളിൽ നിന്നാണ് ഏറ്റവുമധികം സംഭാവനകൾ ലഭിച്ചത്. സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ ധനശേഖരണത്തിൽ പങ്കുചേർന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകൾ സ്വർണാഭരണങ്ങളും വീട്ടുസാധനങ്ങളും കൈമാറി. ബുദ്ഗാം എംഎൽഎ മുൻതാസിർ മെഹ്‌ദി തൻ്റെ ഒരുമാസത്തെ ശമ്പളമാണ് ഇറാനിലെ യുദ്ധബാധിതർക്കായി നൽകിയത്. ഇറാനിലെ ജനങ്ങൾക്കായി ഇത്രയെങ്കിലും നൽകാൻ കഴിയുന്നതിൽ ചാരിതാർഥ്യമുണ്ടെന്നാണ് ശ്രീനഗർ സ്വദേശി പിടിഐയോട് പ്രതികരിച്ചത്. രാജ്യത്തിനായി സഹായം അഭ്യർഥിച്ച് ഇറാൻ എംബസി നേരത്തെ പോസ്‌റ്റുകൾ പങ്കുവച്ചിരുന്നു.
യുദ്ധത്തിൽ എത്രപേർ കൊല്ലപ്പെട്ടുവെന്നത് സംബന്ധിച്ച് ഇറാൻ സർക്കാർ ഇതുവരെയും ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ല. അതേസമയം മാർച്ച് 20 വരെ 3220 പേർ കൊല്ലപ്പെട്ടുവെന്നും ഇതിൽ 1398 പേർ സാധാരണക്കാരും അതിൽ 210 പേർ കുട്ടികളുമാണെന്നും യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന റിപ്പോർട്ട് ചെയ്യുന്നു. 1165 സൈനികരും കൊല്ലപ്പെട്ടു. ലെബനനിൽ 1024 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചു. ഇതിൽ 118 പേർ കുട്ടികളും 79 പേർ സ്ത്രീകളുമാണ്.




