യുദ്ധത്തിൽ പങ്കുചേരില്ല; ഇറാന്റെ നിരായുധീകരണം അനിവാര്യം’; നാറ്റോ

ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ പദ്ധതിയില്ലെന്ന് നാറ്റോ. ഇറാനെതിരെയുള്ള യുഎസിന്റെയും ഇസ്രയേലിന്റെയും സൈനിക നടപടിയെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പ്രശംസിച്ചു. അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണം അനിവാര്യമാണെന്നും ഇറാന്റെ നിരായുധീകരണം ആവശ്യമാണെന്നും നാറ്റോ പ്രതികരിച്ചു. എന്നാൽ സഖ്യമെന്ന നിലയ്ക്ക് ഇറാനെതിരെയുള്ള ആക്രമണങ്ങളിൽ പങ്കുചേരില്ലെന്ന് നാറ്റോ വ്യക്തമാക്കി.
ആണവ, ബാലിസ്റ്റിക് മിസൈൽ ശേഷി വികസിപ്പിക്കാനുള്ള ഇറാന്റെ ശേഷി കുറയ്ക്കുന്നതിന് അമേരിക്ക ഇസ്രായേലുമായി ചേർന്ന് നടപടി പ്രധാനമാണെന്ന് മാർക്ക് റുട്ടെ പറഞ്ഞു. എന്നാൽ ഇതിലേക്ക് വലിച്ചിഴയ്ക്കാനോ അതിന്റെ ഭാഗമാകാനോ നാറ്റോയ്ക്ക് യാതൊരു പദ്ധതിയുമില്ലെന്നും സഖ്യകക്ഷികൾ യുഎസ് ശ്രമങ്ങളെ പിന്തുണച്ചേക്കാമെന്നും നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പറഞ്ഞു.
പശ്ചിമേഷ്യ യുദ്ധ കലുഷിതമായി തുടരുകയാണ്. ഇറാൻ ആണവകേന്ദ്രമായ നതാൻസസിലും ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് സമീപവും സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഇറാനിൽ മരണ സംഖ്യ 555 കടന്നു. ഒമ്പത് ആശുപത്രികൾ അമേരിക്ക ഇസ്രായേൽ സഖ്യം ആക്രമിച്ചെന്ന് ഇറാൻ പറഞ്ഞു. ഇസ്രയേൽ സൈന്യത്തിന്റെ ആശയവിനിമയ കേന്ദ്രം ആക്രമിച്ചെന്ന് ഇറാൻ അവകാശവാദം ഉന്നയിച്ചു.




