ബുൾഡോസർ രാജ് പ്രയോഗിച്ചതിലൂടെ കോൺഗ്രസ് തകർത്തത് ചരിത്രവും വിപ്ലവകരവുമായ ഒരു പോരാട്ടത്തിന്റെ സ്മരണകളെ: എ എ റഹീം

തിരുവനന്തപുരം : തെലങ്കാനയിൽ വീടുകൾ ഒഴിപ്പിക്കാൻ ബുൾഡോസർ രാജ് പ്രയോഗിച്ചതിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി എ എ റഹീം എംപി. ‘ബുൾഡോസർ രാജ്’ ജനാധിപത്യ വിശ്വാസികളെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നതെന്നും ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന അതേ കിരാതമായ ഭരണശൈലി ഇപ്പോൾ കോൺഗ്രസ് സർക്കാരുകളും ഏറ്റെടുത്തിരിക്കുകയാണെന്നും എ എ റഹീം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് വിനോബ ഭാവെ വിഭാവനം ചെയ്ത ഭൂദാന പ്രസ്ഥാനത്തിലൂടെ ലഭിച്ച ഭൂമിയിൽ പണിതുയർത്തിയ വീടുകളാണ് ഒരു ദാക്ഷിണ്യവുമില്ലാതെ കോൺഗ്രസ് സർക്കാർ തകർത്തെറിഞ്ഞത്. ഫെബ്രുവരി 25-ന് പുലർച്ചെ പൊലീസ് സന്നാഹത്തോടെ വിനോബ നഗറിൽ ഇരച്ചുകയറിയ ബുൾഡോസറുകൾ ആയിരക്കണക്കിന് മനുഷ്യരെയാണ് പെരുവഴിയിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഭൂപരിഷ്കരണം അട്ടിമറിക്കപ്പെട്ട കാലത്ത് അതിദരിദ്രരായ മനുഷ്യർക്ക് ലഭിച്ച ഭൂമിയിൽ നിന്ന് അവരെ ആട്ടിയോടിക്കുന്നതിലൂടെ കോൺഗ്രസ് തകർത്തത് ചരിത്രപരവും വിപ്ലവകരവുമായ ഒരു പോരാട്ടത്തിന്റെ സ്മരണകളെ കൂടിയാണെന്നും റഹീം പറഞ്ഞു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക എന്ന വ്യാജേന, കൃത്യമായ നിയമനടപടികൾ പാലിക്കാതെ അധികാരം ഉപയോഗിച്ച് കെട്ടിടങ്ങൾ തകർക്കുന്നത് വെറും അമിതാധികാര പ്രവണത മാത്രമാണ്. കോടതികളും നിയമവ്യവസ്ഥയും നിലനിൽക്കുന്ന ഒരു രാജ്യത്ത് വിധി തീരുമാനിക്കേണ്ടത് ബുൾഡോസറുകളല്ലെന്നും എ എ റഹീം ചൂണ്ടിക്കാണിച്ചു.
വമ്പൻ സ്രാവുകളെയും കോർപ്പറേറ്റുകളെയും സംരക്ഷിച്ചുകൊണ്ട്, സാധാരണക്കാരന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും വീടുകൾക്ക് നേരെയാണ് കോൺഗ്രസ് ബിജെപി ഭരണകൂടങ്ങൾ തങ്ങളുടെ അധികാരത്തിന്റെ കരുത്ത് കാട്ടുന്നതെന്നും റഹീം പറഞ്ഞു. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും പൗരാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നത്. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനും ജനശ്രദ്ധ തിരിക്കാനും ഭരണകൂടം നടത്തുന്ന ഈ നാടകം ജനാധിപത്യത്തെ തകർക്കുന്നതാണ്. ജനങ്ങളുടെ പാർപ്പിടത്തിനുള്ള അവകാശത്തിന് മേൽ അധികാരത്തിന്റെ ബുൾഡോസറുകൾ ഓടിച്ചു കയറ്റുന്ന ഈ സംസ്കാരത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.




