തിരുവനന്തപുരത്ത് കാർ ബാറാക്കിയുള്ള യുവാക്കളുടെ പുതുവത്സരാഘോഷം ഒരു ജീവൻ കവർന്നു

തിരുവനന്തപുരത്ത് കാർ ബാറാക്കിയുള്ള യുവാക്കളുടെ പുതുവത്സരാഘോഷം ഒരു ജീവൻ കവർന്നു. ഉള്ളൂർ പ്രശാന്ത് നഗറിൽ കാർ ബൈക്കിലിടിച്ച് ഒരു മരണം. ഒപ്പമുണ്ടായിരുന്നയാൾ അതീവ ഗുതരാവസ്‌ഥയിൽ ചികിത്സയിലാണ്. കാർ യാത്രക്കാരായ നാലംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
ബൈക്കിൽ യാത്ര ചെയ്‌ത നെടുമങ്ങാട് സ്വദേശികളായ യുവാക്കളാണ് അപകടത്തിൽ പെട്ടത്. 22 കാരൻ ഫവാസ് മരിച്ചു. 21 വയസുള്ള സുഹൃത്ത് ഫൈസി അതീവ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. സ്വകാര്യ മാളിൽ പുതുവർഷം ആഘോഷിച്ചു മടങ്ങുകയായിരുന്നു ഇരുവരും .
അപകടത്തിൽ എയർ ബാഗുകൾ പൊട്ടിയ നിലയിലുള്ള കാറിൽ മദ്യകുപ്പികളും ഗ്ലാസും ചിതറിക്കിടക്കുന്നു. കാർ യാത്രക്കാരായ പാറശാല സ്വദേശികൾ അശ്വിൻ, അഭിൻ, അമൽ, ശരത് എന്നിവരാണ് കസ്‌റ്റഡിയിലുള്ളത്. 3 പേർ മദ്യ ലഹരിയിലായിരുന്നു. മദ്യപിക്കാത്ത നാലാമനാണ് കാർ ഓടിച്ചിരുന്നതെന്നാണ് യുവാക്കളുടെ വാദം. ആരാണ് വാഹനം ഓടിച്ചതെന്ന് സ്ഥിരീകരിക്കാൻ സിസിടിവികൾ പരിശോധിക്കും.




