Uncategorized

രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കേരളം രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമെന്ന പ്രഖ്യാപനം ഇന്ന്. തിരുവനന്തപുരത്ത് ഇന്ന് വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക. സംസ്ഥാനത്ത് 14നും 60നും ഇടയ്ക്ക് പ്രായമുള്ള 99 ശതമാനം ആളുകൾ ഡിജിറ്റൽ സാക്ഷരത നേടിയെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്.

2022 ലാണ് ഡിജി കേരളം എന്ന ഡിജിറ്റൽ സാക്ഷരതാ യജ്ഞം സർക്കാർ ആരംഭിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലടക്കം സർക്കാർ സേവനങ്ങൾ ഓൺലൈനാക്കാൻ തീരുമാനിച്ചപ്പോൾ സാധാരണക്കാർക്കത് ബാധ്യതയാകാതിരിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ഡിജിറ്റൽ സാക്ഷരരല്ലാത്ത, 14 വയസിന് മുകളിലുള്ളവരുടെ വിവര ശേഖരണം നടത്തി. 83.45 ലക്ഷം കുടുംബങ്ങളിൽ നിന്നായി ഒന്നരക്കോടിയോളം ആളുകൾക്കിടയിൽ സർവേ നടത്തി. അവരിൽ നിന്ന് തെരഞ്ഞെടുത്ത 21,88,398 പേർക്ക് ഡിജിറ്റൽ വിദ്യാഭ്യാസം നൽകി. ഇവരിൽ 99.98 ശതമാനം പേർ വിജയിച്ച് ഡിജിറ്റൽ സാക്ഷരതാ സര്ട്ടിഫിക്കറ്റും നേടി. അതിൽ തന്നെ 15,223 പേർ 90 വയസിന് മുകളിലുള്ളവരാണ്. 90 ശതമാനം ആണ് ദേശീയ മാനദണ്ഡമെന്നിരിക്കെയാണ് കേരളത്തിന്റെ നേട്ടമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ നടത്തിയ സർവെ പോലും സുതാര്യമല്ലെന്ന കടുത്ത വിമർശനം ആണ് പ്രതിപക്ഷം ഉയർത്തുന്നത്.മൂന്ന് മോഡ്യൂളുകളിലായി 15 ആക്റ്റിവിറ്റികൾ തയ്യാറാക്കി വിശദമായ പരിശീലനവും വിലയിരുത്തലുമാണ് പഠിതാക്കൾക്കിടയിൽ നടത്തിയതെന്ന് തദ്ദേശ ഭരണ വകുപ്പ് വിശദീകരിക്കുന്നു. സ്‌മാർട്ട് ഫോൺ,ഇന്റർനെറ്റ് ഉപയോഗം, സർക്കാറിന്റെ ഇ സേവനങ്ങൾ പ്രയോജനപ്പെടുത്തൽ എന്നിവയാണ് പാഠ്യവിഷയങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button