Uncategorized

ആടിയ ശിഷ്ടം നെയ്യ് വില്‍പന ; ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗം റിപ്പോർട്ട്

പത്തനംതിട്ട: ശബരിമല ആടിയ ശിഷ്ടം നെയ്യ് വില്‍പനയില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗം. 25.52ലക്ഷം രൂപയുടെ കുറവാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുന്നത്. ലക്ഷകണക്കിന് രൂപയുടെ ഇടപാട് രേഖപ്പെടുത്തിയിരിക്കുന്നത് നാല് സ്‌കൂള്‍ നോട്ടുബുക്കുകളിലാണ്. ബുക്കില്‍ നിറയെ വെട്ടലും തിരുത്തലുമാണ്. ഇതിനാല്‍ കണക്കുകള്‍ പലതും വായിക്കാന്‍ സാധിക്കാത്ത വിധം അവ്യക്തമാണെന്നും നെയ്യുടെ അളവ് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഡിറ്റ് വിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് ബോര്‍ഡ് കൃത്യമായി മറുപടി നല്‍കിയില്ല. നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

ശബരിമല ആടിയ ശിഷ്ടം നെയ്യ്ക്കൊള്ളയില്‍ തട്ടിപ്പിന്റെ കേന്ദ്രം അറസ്റ്റിലായ സുനില്‍ കുമാര്‍ പോറ്റിയെന്ന് കണ്ടെത്തിയിരുന്നു. 36.24 രൂപയുടെ ക്രമക്കേടാണ് ഇയാള്‍ നടത്തിയത് എന്നാണ് കണ്ടെത്തിയത്. രണ്ട് മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. നെയ്യുടെ സ്റ്റോക്കില്‍ വ്യാപകമായ ക്രമക്കേട് നടത്തിയാണ് പണം തട്ടിയത്. മറ്റ് ജീവനക്കാരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും വിജിലന്‍സ് കണ്ടെത്തി.

സുനില്‍ കുമാര്‍ പോറ്റി കഴിഞ്ഞ മണ്ഡലകാലത്തിന് തൊട്ടുമുമ്പാണ് ശബരിമലയില്‍ നിയമിതനായത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തില്‍ കീഴ്ശാന്തിയായിരുന്നു. മണ്ഡലകാലത്തിന് മുമ്പ് ആടിയ ശിഷ്ടം നെയ്യ് ഉള്‍പ്പെടെയുള്ള ആചാരപരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി പല ക്ഷേത്രങ്ങളിലും കീഴ്ശാന്തിയായി പ്രവര്‍ത്തിച്ചവരെ ശബരിമലയിലേക്ക് നിയമിക്കുന്നത് പതിവുള്ള കാര്യമാണ്. തുടര്‍ന്നാണ് ആലപ്പുഴ അരൂര്‍ സ്വദേശിയായ സുനില്‍ കുമാര്‍ പോറ്റി സന്നിധാനത്ത് എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button