രാജ്കോട്ടില്‍ രാജകീയ ജയത്തോടെ പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ; ഇന്ത്യ – ന്യൂസീലന്‍ഡ് രണ്ടാം ഏകദിനം ഇന്ന്

ഇന്ത്യ – ന്യൂസീലന്‍ഡ് രണ്ടാം ഏകദിനം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നര മുതല്‍ രാജ്കോട്ടിലാണ് മത്സരം. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
വഡോദരയിലെ ഒന്നാം ഏകദിനത്തില്‍ ഇടയ്ക്കൊന്ന് പതറിയെങ്കിലും 4 വിക്കറ്റിനായിരുന്നു ന്യൂസീലന്‍ഡിനെതിരായ ഇന്ത്യന്‍ ജയം.301 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 2ന് 234 റണ്‍സെന്ന നിലയില്‍ നിന്ന് പൊടുന്നനെ 5ന് 242ലേക്ക് വീണെങ്കിലും ഹര്‍ഷിത റാണയുടെ കാമിയോ ഇന്നിങ്സും ക്രീസില്‍ ഉറച്ച് നിന്ന കെഎല്‍ രാഹുലിന്റെയും കരുത്തില്‍ വിജയലക്ഷ്യം തൊട്ടു.
പരമ്പര വിജയം അവസാന കളിയിലേക്ക് നീട്ടാതെ രാജ്കോട്ടില്‍ തന്നെ കാര്യങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുകയാണ് ശുഭ്മാന്‍ ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഏകദിന ക്യാപ്റ്റനായി ആദ്യ കിരീടവും ഗില്‍ മോഹിക്കുന്നു. വിരാട് കോലിയുടെ ഉജ്ജ്വല ഫോമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. 93 റണ്‍സ് നേടിയ കോലിയായിരുന്നു വഡോദരയില്‍ കളിയിലെ താരമായത്. കഴിഞ്ഞ അഞ്ച് കളിയിലും 50 പ്ലസ് സ്കോര്‍ നേടിയ കോലിയുടെ രാജ്കോട്ടിലെ റെക്കോര്‍ഡും കരുത്തുറ്റതാണ്. നാല് മത്സരങ്ങളില്‍ മൂന്നിലും അര്‍ധസെഞ്ചുറി നേടിയ കോലിയാണ് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്ണടിച്ച താരം.




