ആവശ്യങ്ങൾ ഏറെ, പക്ഷെ പണമില്ല; ബാഴ്സയുടെ ജനുവരി ട്രാൻസ്ഫർ പ്ലാൻ

ഒരിടത്ത് പ്രസിഡൻ്റ് ഇലക്ഷൻ ചൂട്, കളിക്കളത്തിൽ നേരിടാനുള്ളത് നിർണായക മത്സരങ്ങൾ. ട്രാൻസ്ഫറും കോൺട്രാക്റ്റ് റിന്യൂവലും അടക്കമുള്ള പ്രതിസന്ധികൾ വേറെയും… ജനുവരി ട്രാൻസ്ഫർ ജാലകം തുറക്കാനിരിക്കെ ബാഴ്സലോണയുടെ മുന്നിൽ പരിഹരിക്കാനായി നിരവധി പ്രശ്നങ്ങളാണുള്ളത്. പ്രതിരോധത്തിലെ ഇഞ്ചുറി മുതൽ ടെർസ്റ്റേഗന്റെ മടങ്ങ് വരവ് വരെയുള്ള നിരവധി ചോദ്യങ്ങൾ വരും ദിനങ്ങളിൽ ബാഴ്സക്ക് അഭിമുഖീകരിക്കേണ്ടിവരും.
എസിഎൽ പരിക്കിനെ തുടർന്ന് ദീർഘകാലത്തേക്ക് കളത്തിന് പുറത്തായ ആന്ദ്രെസ് ക്രിസ്റ്റ്യന്സന് പകരം ജനുവരി ട്രാൻസ്ഫറിൽ ഡിഫൻഡറെ ക്ലബിന് ആവശ്യമാണ്. എന്നാൽ ക്ലബ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇതിന് വെല്ലുവിളിയായി നിൽക്കുന്നു. മറുഭാഗത്ത് ഇടവേളക്ക് ശേഷം ഗോൾകീപ്പർ ടെർസ്റ്റേഗൻ മടങ്ങിയെത്തിയിരിക്കുന്നു. പക്ഷെ, ജോൺ ഗാർഷ്യയും ഷെസ്നിയുമുള്ളപ്പോൾ ജർമൻ ഗോൾകീപ്പറെ എങ്ങനെ അക്കൊമൊഡേറ്റ് ചെയ്യുമെന്നത് പരിശീലകൻ ഹാൻസി ഫ്ളിക്കിന് മുന്നിൽ ചോദ്യമായുണ്ട്. ഇതിന് പുറമെ റോബെർട് ലെവൻഡോവ്സ്കിക്ക് പിൻഗാമിയായി ദീർഘകാല പ്ലാനിൽ സ്ട്രൈക്കറെയും എത്തിക്കണം.
വിയ്യാറയലിനെതിരായ അവസാന ലാലിഗ മത്സരത്തിൽ ജോൺ ഗാർഷ്യയായിരുന്നു ബാഴ്സയുടെ ഗോൾവല കാത്തത്. ടെർസ്റ്റാഗനും ഷെസ്നിയും ബെഞ്ചിലും. തൊട്ടുമുൻപ് നടന്ന കോപ ഡെൽറെ മത്സരത്തിൽ ടെർസ്റ്റേഗനായിരുന്നു പ്ലെയിങ് ഇലവനിലെത്തിയത്. 212 ദിവസങ്ങൾക്ക് ശേഷമുള്ള താരത്തിന്റെ കംബാക് മത്സരം. ക്ലീൻഷീറ്റടക്കം സ്വന്തമാക്കി മടങ്ങിവരവിൽ വരവറിയിക്കുയും ചെയ്തു.എന്നാൽ ജർമൻ ഗോൾകീപ്പറെ സ്ഥിരമായി പ്ലെയിങ് ഇലവനിൽ കളിപ്പിക്കാൻ ഹാൻസി ഫ്ളികിന് പ്ലാനില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വാർത്താസമ്മേളനത്തിൽ ബാഴ് കോച്ച് ഇതിന്റെ സൂചനകൾ നൽകുകയും ചെയ്തു.




