തോല്‍വിക്ക് പിന്നാലെ സിപിഐഎമ്മില്‍ പൊട്ടിത്തെറി; ‘ആര്യക്ക് പാർട്ടിയേക്കാള്‍ വലുതെന്ന ഭാവം, പുച്ഛം’: ഗായത്രി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഐഎമ്മില്‍ പൊട്ടിത്തെറി. മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ഗായത്രി ബാബു. ‘പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയം, കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം’ എന്നിങ്ങനേയുള്ള വിമർശനങ്ങളാണ് ആര്യക്കെതിരെ ഗായത്രി ഉയർത്തുന്നത്.
ആര്യയുടെ പേര് പറയാതെ പരോക്ഷമായിട്ടാണ് ഫേസ്ബുക്കിലൂടെ ഗായത്രിയുടെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. വിവാദമായതോടെ കുറിപ്പ് അവർ പിന്‍വലിച്ചിട്ടുണ്ട്. 2020 ലെ തെരഞ്ഞെടുപ്പില്‍ വഞ്ചിയൂർ വാർഡിൽ നിന്നുള്ള കൗൺസിലറായിരുന്ന ഗായത്രി ബാബു പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബുവിന്റെ മകളാണ്. അന്ന് അവസാന നിമിഷം വരെ ഗായത്രി ബാബു ആയിരിക്കും മേയർ ആകുകയെന്ന രീതിയിലുള്ള പ്രചരണവും ഉണ്ടായിരുന്നു. അതേസമയം ഇത്തവണ വഞ്ചിയൂർ വാർഡില്‍ മത്സരിച്ച ബാബു വിജയിച്ചിട്ടുണ്ട്.




