അതിദാരിദ്ര്യമുക്തം; കേരളത്തിന്റേത് ചരിത്ര നേട്ടം, ഇത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം: എം എ ബേബി

ന്യൂഡല്‍ഹി: അതിദാരിദ്ര്യമുക്തമായി സംസ്ഥാനത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. കേരളത്തിന്റേത് ചരിത്ര നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന ചരിത്രം കുറിച്ചിരിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. ഇത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. രാഷ്ട്രീയ വേര്‍തിരിവുകള്‍ ഉണ്ടെങ്കിലും കേരളം ഒറ്റക്കെട്ടാണെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.
ഇന്നുചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിക്ക് പ്രഖ്യാപനം നടത്താന്‍ നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടിരുന്നു. ഇതിനിടെയാണ് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഓരോ കേരളപ്പിറവി ദിനവും നമ്മള് ആഘോഷിക്കാറുണ്ടെന്നും എന്നാല്‍ ഈ കേരളപ്പിറവി ഒരു പുതുയുഗത്തിന്റെ പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്നത് തെരഞ്ഞെടുപ്പില്‍ നല്കിയ സുപ്രധാന വാദ്നാമായിരുന്നു. അത് നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സഭാ നടപടികള്‍ ആരംഭിച്ചത്. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്. മുഖ്യമന്ത്രിക്ക് റൂള്‍ 300 സ്റ്റേറ്റ്മെന്റ് അവതരിപ്പിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് സതീശന് പറഞ്ഞു. എന്ത് പ്രസക്തിയാണ് ഇതിനുള്ളതെന്ന് വി ഡി സതീശന് ചോദിച്ചു. കേരളം അതീവദരിദ്രരഹിത സംസ്ഥാനമാണെന്നുള്ളത് ശുദ്ധ തട്ടിപ്പാണ്. അതാണ് റൂള്‍ 300 സ്റ്റേറ്റ്മെന്റിലൂടെ നല്‍കുന്നത്. അതിനോട് കൂട്ടുനില്ക്കാന് തങ്ങളില്ലെന്നും സഭാനടപടികള്‍ ബഹിഷ്കരിക്കുകയാണെന്നും വി ഡി സതീശന് പറഞ്ഞു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ വിടുകയായിരുന്നു. കേരളത്തിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നതിന് പകരം അത് സഹിക്കവയ്യാതെയാണ് ഇറങ്ങിപ്പോകുന്ന പ്രതിപക്ഷത്തെ ജനം എക്കാലത്തും വിലയിരുത്തുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചരിത്രം പ്രതിപക്ഷത്തെ കുറ്റക്കാര്‍ എന്ന് വിധിക്കുമെന്നും മന്ത്രി എം ബി രാജേഷ് ആഞ്ഞടിച്ചു.




