Uncategorized

വി ഡി സതീശന്റെ പേരിലുള്ളത് 24 ലക്ഷം രൂപയുടെ ബാധ്യതകൾ, ഭാര്യയുടെ കയ്യിൽ ഉള്ള സ്വർണം 1128 ഗ്രാം! നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങൾ അറിയാം

തിരുവനന്തപുരം: 11 ദിവസത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിലെ മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തിരിക്കുകയാണ്. ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് പ്രഖ്യാപനം. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും അവസാനഘട്ട ചർച്ചകളിൽ സജീവമായിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖമായി മുന്നിൽ നിന്നതും എൽഡിഎഫിനെതിരെ ശക്തമായ പ്രചാരണം നയിച്ചതുമാണ് സതീശന് അനുകൂലമായ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.

മുഖ്യമന്ത്രിമാരാകുന്ന എല്ലാവരും ഓഡിറ്റ് ചെയ്യപ്പെടുന്ന ഒരു കാര്യമാണ് അവരുടെ ആസ്തി. നിയുക്തമുഖ്യമന്ത്രിയായ വി ഡി സതീശൻ അധികാരത്തിലേറുമ്പോൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അദ്ദേഹം നൽകിയ ആസ്തികളുടെയും ബാധ്യതകളുടെയും കണക്കുകൾ നോക്കാം. സത്യവാങ്മൂലം പ്രകാരം, സതീശനും ഭാര്യ ലക്ഷ്മിപ്രിയയും ചേര്‍ന്ന് ഏകദേശം 6.69 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ കൈവശം വച്ചിട്ടുണ്ട്. സതീശന്റെ പേരില്‍ ബാങ്ക് നിക്ഷേപമായി 53,82,286 രൂപയും, ഭാര്യയുടെ പേരില്‍ 68,45,474 രൂപയുടെ നിക്ഷേപവുമുണ്ട്. 64,000 രൂപ പണവും 25,000 രൂപയുടെ ബാങ്ക് ഓഹരികളും 35 ഗ്രാം സ്വര്‍ണ്ണവും ഉണ്ടെന്ന് സതീശന്‍ വ്യക്തമാക്കിയിരിക്കുന്നു. അതേ സമയം ഭാര്യയുടെ പേരിൽ നിലവിൽ 1128 ഗ്രാം സ്വർണമുണ്ട്. ഇതിന്റെ നിലവിലെ മൂല്യം അനുസരിച്ച് 1,70,82,074 രൂപ വരും. വീടും സ്ഥലവും അടക്കം 2,42,63,816 രൂപ മൂല്യമുള്ള സ്ഥാവര വസ്തുക്കള്‍ വി ഡി സതീശന്റെ പേരിലുണ്ട്.

ഇനി ബാധ്യതകളുടെ കണക്ക് നോക്കാം. വി ഡി സതീശന് സ്വന്തം പേരിൽ 24,00,635 രൂപയുടെ കടമുണ്ട്. ഇതിൽ കാർ ലോണും ബാങ്കുകളിൽ നിന്നുള്ള മറ്റ് വായ്പകളും ഉൾപ്പെടുന്നു. ഭാര്യ ലക്ഷ്മി പ്രിയയുടെ പേരിൽ 17,45,000 രൂപയുടെ ബാധ്യതയുമുണ്ട്. വിഡി സതീശന്റെ പ്രധാന വരുമാന സ്രോതസ്സായി രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ശമ്പളവും അലവൻസുകളുമായിരുന്നു. കൂടാതെ അഭിഭാഷകനെന്ന നിലയിലും നേരത്തെ സമ്പാദിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button