കന്നഡ നടന്‍ രാജു താളിക്കോട്ടെ ഹൃദയാഘാതം മൂലം മരിച്ചു; മരണം സിനിമാ ഷൂട്ടിങ്ങിനിടെ

കന്നഡ സിനിമയിലും നാടകരംഗത്തും പ്രശസ്തനായ രാജു താളിക്കോട്ടെ (62) അന്തരിച്ചു. കർണാടകയിലെ ഉഡുപ്പിയിൽ സിനിമാ ഷൂട്ടിങ്ങിലായിരുന്നു നടന്‍. ചില ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ച പുലർച്ചെ 1:30 ന് കസ്തൂർബ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
കന്നഡ സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ നടന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എക്സിലുടെ തന്റെ അനുശോചനം അറിയിച്ചു. “പ്രശസ്ത നാടക നടനും, ഹാസ്യനടനും, ‘ധാർവാഡ് രംഗായണ’യുടെ സംവിധായകനുമായ രാജു താളിക്കോട്ടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇത് വളരെ ദുഃഖകരമായ സംഭവമാണ്. നിരവധി കന്നഡ സിനിമകളിൽ അഭിനയിക്കുകയും പ്രശസ്തി നേടുകയും ചെയ്ത രാജു താളിക്കോട്ടെയുടെ വിയോഗം കന്നഡ ചലച്ചിത്ര വ്യവസായത്തിന് വലിയ നഷ്ടമാണ്. രാജു താളിക്കോട്ടെയുടെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെയെന്നും, അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വേദന താങ്ങാനുള്ള ശക്തി നൽകട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു,” ഡി.കെ. ശിവകുമാർ എക്സില്‍ കുറിച്ചു.




