Uncategorized

വി ഡി സതീശന്റെ വാദം പൊളിയുന്നു; ദുരന്തബാധിതർക്കുള്ള കോൺഗ്രസിന്റെ പാർപ്പിട പദ്ധതിയുടെ പണി ഇനിയും തുടങ്ങിയില്ല

വയനാട്: മുണ്ടക്കെെ-ചൂരൽമല ദുരന്തബാധിതരുടെ പാർപ്പിട പദ്ധതിക്കായി കല്ലിട്ട് ഒരു മാസം പിന്നിടുമ്പോഴും കോൺഗ്രസ് പണി തുടങ്ങിയില്ല. കുന്നമ്പറ്റയിലെ ഭൂമിയിൽ പണി തുടങ്ങി എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. എന്നാൽ പണി തുടങ്ങിയിട്ടില്ലെന്ന് മാത്രമല്ല, പാർപ്പിട നിർമ്മാണത്തിന് വേണ്ട അനുമതിക്കായി ആരും അധികൃതരെ സമീപിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ടറിന്‍റെ അന്വേഷണത്തിൽ വ്യക്തമായത്.

ഫെബ്രുവരി 26നാണ് ഭവനപദ്ധതിക്കായി കോൺഗ്രസ് തറക്കല്ലിട്ടത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്നായിരുന്നു തറക്കല്ലിടൽ. ആറ് മാസത്തിനുള്ളിൽ 100 വീടുകൾ പൂർത്തിയാക്കും എന്നായിരുന്നു കോൺഗ്രസ് അവകാശവാദം. ആദ്യഘട്ടത്തിൽ 50 വീടുകൾ നിർമിക്കാനാണ് കോൺഗ്രസിന്റെ പദ്ധതി.

എന്നാൽ തറക്കല്ലിട്ട കുന്നമ്പറ്റയിലെ ഭൂമിയിൽ നിർമാണപ്രവർത്തനങ്ങൾ തുടങ്ങുന്നതിന്റെ ഒരു സൂചന പോലുമില്ല. മേപ്പാടി പഞ്ചായത്ത് അധികൃതരോട് ഇതുവരെയ്ക്കും നിർമാണപ്രവർത്തനങ്ങൾക്ക് ആരും അനുമതി തേടിയിട്ടില്ല. വാങ്ങിയ സമയത്ത് സസ്യങ്ങളും മറ്റുമെല്ലാം മാറ്റി ഭൂമി നിരപ്പാക്കിയിരുന്നു. എന്നാൽ മറ്റു നിർമ്മാണ പ്രവർത്തനങ്ങളൊന്നും അവിടെ നടത്തിയിട്ടില്ല. മേഖല ഇപ്പോൾ സ്ഥിരമായി ആനകൾ വരുന്ന സ്ഥലമായി മാറിയിരിക്കുകയാണ്.

എട്ട് സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് കോൺഗ്രസ് ഒരുക്കുന്നത്. ഇതിൽ മൂന്ന് കിടപ്പുമുറികൾ, വിശാലമായ ലിവിംഗ് റൂം, പ്രകൃതിദത്തമായ വെളിച്ചവും കാറ്റും ഉറപ്പാക്കുന്ന അകത്തളങ്ങളും ഉണ്ടാകും. ഭാവിയിൽ ഒരുനില കൂടി നിർമിക്കാൻ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപഘടന. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി താമസക്കാർക്ക് അധിക വരുമാനം ഉറപ്പാക്കാൻ പുറത്തുനിന്നുതന്നെ പ്രവേശിക്കാവുന്ന കോണിപ്പടികൾ ഈ വീടുകളുടെ സവിശേഷതയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button