‘സൂപ്രണ്ട് പറഞ്ഞതെല്ലാം ഞാന്‍ കേട്ടു, എല്ലാം കള്ളമാണ്. ഞങ്ങള്‍ പാവപ്പെട്ടവരല്ലേ, അതുകൊണ്ടല്ലേ…’; കൈ മുറിച്ച് മാറ്റേണ്ടി വന്ന 9 വയസുകാരിയുടെ അമ്മ പറയുന്നു

ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൂര്‍ണമായി തള്ളി കുട്ടിയുടെ അമ്മ. നീരോ വേദനയോ വന്നാല്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുവരണമെന്ന് ആശുപത്രിയില്‍ നിന്ന് പറഞ്ഞ് വിട്ടിരുന്നു എന്ന സൂപ്രണ്ടിന്റെ വാദം കള്ളമാണെന്ന് കുട്ടിയുടെ അമ്മ പ്രസീത പറഞ്ഞു. ഒരു മരുന്ന് നല്‍കിയിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ട് വരാന്‍ മാത്രമാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്. കുട്ടിയുടെ കൈ കാര്യമായി പരിശോധിക്കുക പോലും ചെയ്യാതെയാണ് അവരത് പറഞ്ഞതെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു
സൂപ്രണ്ട് പറഞ്ഞതെല്ലാം ഞാന്‍ കേട്ടു. എല്ലാം കള്ളമാണ്. ഞങ്ങള്‍ പാവപ്പെട്ടവരല്ലേ, ആരും ഞങ്ങള്‍ക്കായി പറയാനില്ലല്ലോ. അതുകൊണ്ടാകും ഇങ്ങനെ കള്ളം വിളിച്ച് പറയുന്നത്. പക്ഷേ ഞങ്ങള്‍ കണ്ണുകൊണ്ട് നേരില്‍ കണ്ട കാര്യങ്ങളില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കും. നീതിക്കായി ഏതറ്റം വരെയും പോകും. ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം വന്ന ശേഷം ഏറെ വൈകാരികമായി പ്രസീത പറഞ്ഞു. നീരോ നിറവ്യത്യാസമോ പരിശോധിക്കാന്‍ പോലും കഴിയുന്ന അവസ്ഥയായിരുന്നില്ല. കൈ മുഴുവന്‍ പ്ലാസ്റ്ററായിരുന്നു. നീര് കണ്ടയുടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ കാണിച്ചു. ആ സമയത്ത് പോലും ആശുപത്രി അധികൃതര്‍ കുട്ടിയുടെ അവസ്ഥയെക്കുറിച്ച് തങ്ങളോട് പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. 30-ാം തിയതി കുട്ടിയുടെ കൈയ്ക്ക് നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തങ്ങള്‍ ആശുപത്രിയിലെത്തിയിരുന്നുവെന്നും പ്രസീത പറഞ്ഞു.




