Uncategorized

ശബരിമല തിരുവാഭരണം രജിസ്റ്റർ ഉൾപ്പടെയുള്ള രേഖകളുടെ പരിശോധന: വിരമിച്ച ഹൈക്കോടതി ജഡ്ജിയെ അന്വേഷണത്തിനായി നിയോഗിച്ചു

കൊച്ചി: ശബരിമലയിലെ തിരുവാഭരണം രജിസ്റ്റർ ഉൾപ്പടെയുള്ള രേഖകളുടെ പരിശോധനയ്ക്കായി വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയോഗിച്ച് ദേവസ്വം ബഞ്ച്. ജസ്റ്റിസ് കെ.ടി. ശങ്കരനാണ് ചുമതല. രഹസ്യ സ്വഭാവത്തിലുള്ള അന്വേഷണം പൂർത്തിയാക്കി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകണം. സ്വർണപാളി ശബരിമലയിൽ നിന്നും കൊണ്ടുപോയത് ദേവസ്വം മാന്വൽ ലംഘിച്ചാണെന്നും ഭരണതലത്തിൽ അംഗീകരിക്കാനാവാത്ത വീഴ്ച്ചയുണ്ടായെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

എല്ലാ അറ്റകുറ്റപ്പണിയും ശബരിമലയില്‍ തന്നെ നടത്തണമെന്ന നിര്‍ദേശം ലംഘിച്ചാണ് ദ്വാരപാലക ശില്‍പ്പപാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതെന്ന് ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. 2019ല്‍ സ്വര്‍ണപ്പാളി സ്‌പോണ്‍സര്‍ക്ക് കൈമാറിയത് മാന്വലിന്റെ ലംഘനമാണ്. ദ്വാരപാലക ശില്‍പങ്ങളും പീഠങ്ങളും തിരിച്ചെത്തിക്കുമ്പോള്‍ ശരിയായ ഭാരം രേഖപ്പെടുത്തിയിരുന്നില്ല. മനഃപൂര്‍വ്വമാണെങ്കിലും അല്ലെങ്കിലും ഭരണതലത്തില്‍ വീഴ്ചയുണ്ടായി. ഇത് അംഗീകരിക്കാനാവാത്ത വീഴ്ചയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനഃസ്ഥാപിക്കും. താന്ത്രിക, ഹൈക്കോടതി അനുമതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് പുനഃസ്ഥാപനം. നിലവിൽ സന്നിധാനത്തെ സ്ട്രോങ്ങ് റൂമിലാണ് സ്വർണ പാളികൾ സൂക്ഷിച്ചിരിക്കുന്നത്. തുലാമാസ പൂജകൾക്കായിട്ടാണ് ഒക്ടോബർ 17ന് നട തുറക്കുന്നത്.

സ്വർണപ്പാളിയുമായി ബന്ധപ്പെട്ട കേസിൽ ഇരട്ട അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടുണ്ട്. ചീഫ് വിജിലൻസ് ഓഫീസറും, വിരമിച്ച ജില്ലാ ജഡ്ജിയും കേസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്. സ്വർണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശങ്കയും നിലനിൽക്കുന്നുണ്ടെന്ന് കോടതി അറിയിച്ചു. അതിനാലാണ് അന്വേഷണം തുടരാനും വിശദമായ അന്വേഷണത്തിനും നിർദേശിക്കുന്നത്. അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.

സ്വർണപീഠത്തിൻ്റെ ഭാഗം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. ശബരിമല വിജിലൻസ് കമ്മീഷണർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായാണ് വിശദീകരണം നൽകിയത്. സന്നിധാനത്തെ രജിസ്റ്ററുകൾ പൂർണമല്ലെന്ന് പറഞ്ഞ കോടതി, പലകാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button