Uncategorized

മുറിവുണങ്ങാതെ ഇന്ത്യ; രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരുവർഷം

രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരുവർഷം. ജനമനസിൽ ആഴത്തിലുള്ള മുറിപ്പാടുകൾ അവശേഷിപ്പിച്ച ദുരന്തത്തിൽ ഇരുപത്തിയാറു പേർക്കാണ് ജീവൻ പൊലിഞ്ഞത്. അതിർത്തി കടന്നെത്തിയ പാക് ഭീകരതയ്ക്ക് ഒപ്പേറഷൻ സിന്ദൂരിലൂടെയായിരുന്നു ഇന്ത്യയുടെ മറുപടി. അപ്പോഴും ആക്രമണത്തിന്റെ സൂത്രധാരന്മാർ എന്ന് കരുതുന്ന പലരും കാണാമറയത്താണ്.

പതിവ് പോലെ അവസാനിക്കുമായിരുന്ന തിങ്കളാഴ്ചയായിരുന്നു അന്ന്. ബൈസരൻ വാലിയിൽ പ്രകൃതി ഭംഗി ആസ്വദിക്കുകയായിരുന്നു നൂറിലധികം വരുന്ന വിനോദ സഞ്ചാരികൾ. ആ സന്തോഷ നിമിഷങ്ങൾക്കിടെയിലേക്കാണ് ഭീകരർ നിറയൊഴിച്ചത്. വിവേചന രഹിതമായുള്ള ആക്രമണത്തിൽ ഇരുപത്തിയഞ്ചു വിനോദ സഞ്ചാരികളുടെയും ഒരു പ്രദേശവാസിയുടെയും ജീവൻ പൊലിഞ്ഞു.

വിവാഹം കഴിഞ്ഞു ആറാം നാൾ ഭർത്താവിനെ നഷ്ടപ്പെട്ട ഹരിയാന സ്വദേശി ഹിമാൻഷി നർവാൾ, പിറന്നാൾ ആഘോഷത്തിനായെത്തി ഭർത്താവിനെ നഷ്ടപ്പെട്ട ശീതൾ. അങ്ങനെ എത്രയോ കണ്ണീർ മുഖങ്ങൾയ. കുടുംബാംഗങ്ങൾ നോക്കി നിൽക്കെയാണ് ഭീകരർ എറണാകുളം ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ ജീവനെടുത്തത്.

ഭീകരാക്രമണത്തിന്റെ പതിനഞ്ചാം നാളിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ഓപ്പറേഷൻ സിന്ദൂർ. പാകിസ്താനിലും പാക് അധീന കശ്മീരിലും ലക്ഷ്യം വച്ച സേന ഒമ്പതിലധികം ഭീകരത്താവളങ്ങൾ തകർത്തു. നൂറിലധികം ഭീകരരെ വധിച്ചു. രാജ്യത്തിൻറെ പ്രതിരോധ കരുത്തിന്റെ പ്രതീകമായിമാറി ഓപ്പറേഷൻ സിന്ദൂർ.ഇന്നിപ്പോൾ പഹൽഗാം ശാന്തമാണ്. ഓരോ ചുവടിലും സുരക്ഷ ഉദ്യോഗസ്ഥരുടെ ജാഗ്രതയുമുണ്ട് . ജമ്മു കശ്മീർ സർക്കാർ നടപ്പാക്കിയ ക്യൂ ആർ കോഡ് സംവിധാനനത്തിലൂടെ പഴുതടച്ച സുരക്ഷ ഒരുക്കുന്നു. ജീവൻ പൊലിഞ്ഞവരുടെ ഓർമകൾക്ക് മുന്നിൽ ശിരസു നമിക്കുമ്പോഴും ഭീകരതയോടു രാജ്യം പറയുന്നു. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button