Uncategorized

ശുഭാംശുവിന്‍റെ യാത്ര; ലോക്സഭയിലെ പ്രത്യേക ചർച്ചയിൽ പ്രതിപക്ഷ ബഹളം, ശുഭാംശു ശുക്ലയോട് എതിർപ്പ് എന്തിനെന്ന് മന്ത്രി ജിതേന്ദ്ര സിംഗ്

ദില്ലി: ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയ്ക്ക് ആദരവുമായി ലോക്സഭ. ശുഭാംശുവിന്റെ യാത്ര 140 കോടി ഇന്ത്യക്കാർക്ക് അഭിമാനവും പ്രചോദനവുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. പ്രത്യേക ചർച്ചയ്ക്കിടെ പ്രതിപക്ഷം ബഹളം കടുത്തതോടെ ലോക്സഭ നാളത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ കടുത്ത നിരസത്തോടെയാണ് മന്ത്രി ജിതേന്ദ്ര സിംഗ് വിമർശിച്ചത്. സർക്കാരിനോടും ബിജെപിയോടും പ്രതിപക്ഷത്തിന് എതിർപ്പ് കാണിക്കാം, പക്ഷേ ശുഭാംശു ശുക്ലയോട് എന്തിനാണ് എതിർപ്പെന്ന് ജിതേന്ദ്ര സിംഗ് ചോദിച്ചു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ ആദരിച്ച് ലോക്സഭ. ശുഭാംശു ശുക്ലയുടെ യാത്ര രാജ്യത്തിന് പ്രചോദനമെന്ന് സ്പീക്കര്‍ ലോക്സഭയിൽ പറഞ്ഞു. ഭാരതത്തിന് ഏറെ അഭിമാനകരമായ നിമിഷമാണിത്. ശുഭാംശുവിന്‍റെ യാത്ര 140 കോടി ഇന്ത്യക്കാർക്ക് അഭിമാനവും പ്രചോദനമാണെന്നും ഇന്ത്യയുടെ ബഹിരാകാശ മേഖലയുടെ ശക്തിയും വളർച്ചയും ലോകം കണ്ടുവന്നും സ്പീക്കർ കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്തിന് അഭിമാനകരമായി നിമിഷത്തിൽ പ്രതിപക്ഷം ബഹളം വയ്ക്കുന്നതിൽ വലിയ പ്രയാസമുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. സർക്കാരിനോടും ബിജെപിയോടും പ്രതിപക്ഷത്തിന് എതിർപ്പ് കാണിക്കാം. പക്ഷേ ശുഭാംശു ശുക്ലയോട് എന്തിനാണ് എതിർപ്പ്. ഭൂമിയോടും ആകാശത്തിനോടും ബഹിരാകാശത്തിനോടും പ്രതിപക്ഷത്തിന് ഇപ്പോൾ എതിർപ്പാണോ എന്ന് മന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന്റെ നിരാശയിൽ നിന്നാണ് ഇപ്പോൾ ഈ പ്രതിഷേധം ഉയരുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. ജിതേന്ദ്ര സിംഗിന്‍റെ വിമർശനത്തിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button